പ്രതിഷേധം ആളിക്കത്തുമ്പോഴും പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

single-img
27 January 2018

തിരുവനന്തപുരം: രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുമ്പോഴും പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തുകയാണ്. പെട്രോളിനും ഡീസലിനും പത്ത് പൈസയാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 76.63 രൂപയും ഡീസലിന് 69.19 രൂപയുമായി.

അതേസമയം പെട്രോള്‍ ലിറ്ററിന് 40 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. എന്നാല്‍ ഭരണം മൂന്നരവര്‍ഷം പിന്നിട്ടപ്പോള്‍ വില 80 കടന്നു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് പെട്രോള്‍വില 80 രൂപയായത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ജമ്മുകശ്മീരിലാണ് കൂടുതല്‍; 77 രൂപ. ആന്ധ്രയില്‍ 76.49 രൂപയുണ്ട്. ഡീസലിന്റെ വില നിയന്ത്രണാധികാരം എന്‍ഡിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതാണ് സ്ഥിതി വഷളാക്കിയത്.

2017 ജൂണ്‍ 16 മുതല്‍ ഡീസല്‍ വിലയില്‍ പ്രതിദിനം മാറ്റം വരുത്താന്‍ തുടങ്ങി. പെട്രോളിന് 11 രൂപയും ഡീസലിന് 19 രൂപയും മൂന്നരവര്‍ഷംകൊണ്ട് വര്‍ധിപ്പിച്ചു. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില തമ്മില്‍ 19.58 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. ഇത് കുറഞ്ഞ് കഴിഞ്ഞവര്‍ഷം 1011 രൂപയായി. ഇപ്പോള്‍ 8 ആയി.

എന്‍ഡിഎ അധികാരത്തില്‍ വന്നശേഷം രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ഇതനുസരിച്ച് പെട്രോള്‍, ഡീസല്‍ വില കുറയേണ്ടതാണ്. എന്നാല്‍ അവസരം മുതലടുത്ത് എക്‌സൈസ് തീരുവ അടിക്കടി കൂട്ടുകയാണ് കേന്ദ്രം ചെയ്തത്.

2014 ഏപ്രിലില്‍ ഒരു ലിറ്റര്‍ പെട്രോളിനുമേലുള്ള എക്‌സൈസ് തീരുവ 9.48 രൂപ മാത്രമായിരുന്നു. തീരുവ ഒമ്പത് പ്രാവശ്യം കൂട്ടി. ഒടുവില്‍ ഒരു ലിറ്റര്‍ പെട്രോളിനുമേലുള്ള തീരുവ 21.48 രൂപയായി ഉയര്‍ന്നു. ഇതുപോലെ ഡീസല്‍ ലിറ്ററിനു 2014 ഏപ്രിലില്‍ തീരുവ 3.65 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 17.33 ആയി.

ഇതേതുടര്‍ന്ന് ദക്ഷിണേഷ്യയില്‍ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള രാജ്യമായി ഇന്ത്യ. രാജ്യത്ത് ഇന്ധനവില പൊതുവെ കുറഞ്ഞുനില്‍ക്കുന്ന ഡല്‍ഹിയില്‍പോലും വില കുതിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിനു 72.23 രൂപയും ഡീസല്‍ ലിറ്ററിനു 63.01 രൂപയുമാണ്.

ഇന്ധനവില വര്‍ധനവിനെതുടര്‍ന്ന് അരി ഉള്‍പ്പടെയുള്ള അവശ്യസാധന വിലയും ഉയര്‍ന്നു. കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണവില കൂടി. ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 30 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ വില വര്‍ധന കെഎസ്ആര്‍ടിസിയെയും കടുത്ത പ്രതിസന്ധിയിലാക്കി.