കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞു; 13 മരണം

single-img
27 January 2018

മഹാരാഷ്ട്രയില്‍ മിനിബസ് നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.45 ന് മഹാരാഷ്ട്രയിലെ കോലാപുരില്‍ ശിവാജി ബ്രിഡ്ജിലായിരുന്നു അപകടം.

ബസില്‍ 17 പേരാണ് ഉണ്ടായിരുന്നത്. പൂനയിലെ ബലേവാഡിയില്‍നിന്നുള്ളവരായിരുന്നു യാത്രക്കാര്‍. ഇവര്‍ പൂനയിലെ ഗണപതിപുലെയിലേക്കു പോകുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.

11 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണ് മരിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.