യുവരാജിന് രണ്ടുകോടി മാത്രം; ബെന്‍സ്റ്റോക്‌സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും പൊന്നും വില; ക്രിസ് ഗെയിലിനെ ആര്‍ക്കും വേണ്ട

single-img
27 January 2018

ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്‌സിനെ പൊന്നും വിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്‌സിനെ റോയല്‍സ് സ്വന്തമാക്കിയത്. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനും വന്‍ തുകയാണ് ലേലത്തില്‍ ലഭിച്ചത്. 9.4കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ 12കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് ഇത്തവണ ലേലത്തില്‍ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടു കോടി മാത്രം. താരത്തെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും സണ്‍റൈസേഴ്‌സ് അത് ഉപയോഗിച്ചില്ല.

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് രണ്ടുകോടിക്ക് യുവരാജ് സിങ്ങിനെ ടീമിലെടുത്തത്. ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിനായി വാശിയേറിയ ലേലം വിളിയാണ് നടന്നത്. സണ്‍റൈസേഴ്‌സും രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും വീറോടെ ലേലം വിളിച്ചപ്പോള്‍ മാക്‌സ്വെല്‍ 9 കോടിക്ക് ഡല്‍ഹിയുടെ കിറ്റിലായി.

താരത്തെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും കിങ്‌സ് ഇലവന്‍ അത് ഉപയോഗിച്ചില്ല. അശ്വിനെ കൈവിട്ട ചെന്നൈ ഹര്‍ഭജന്‍ സിങ്ങിനെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കി. ഗൗതം ഗംഭീറിനെ 2.80കോടിക്ക് ഡയര്‍ ഡെവിള്‍സ് നേടി.

റൈറ്റ് റ്റു മാച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഐപിഎല്‍ താരലേലത്തില്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സും ആര്‍.അശ്വിനെ കിങ്‌സ് ഇലവനും സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ സണ്‍റൈസേഴ്‌സിലെത്തിയത്.

റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. 7.6 കോടിക്കാണ് അശ്വിനെ പഞ്ചാബ് വിളിച്ചെടുത്തത്. പൊള്ളാര്‍ഡിനെ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 17 മാര്‍ക്വീ താരങ്ങളില്‍ ക്രിസ് ഗെയിലിനെയും ജോ റൂട്ടിനെയും ആരും വിളിച്ചില്ല.
അതിനിടെ, ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം എന്ന് വിലയിരുത്തപ്പെടുന്ന വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഒരു ടീമും ലേലംകൊണ്ടില്ല. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനമാണ് ഗെയിലിനു വിനയായത്. ആകെ 580 താരങ്ങളാണ് ഇത്തവണ ലേലത്തിനുള്ളത് ഇതില്‍ 219 പേര്‍ വിദേശ താരങ്ങളാണ്.
* 5.68 കോടി രൂപയ്ക്ക് കരുണ്‍ നായര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

* മൂന്ന് കോടി രൂപയ്ക്ക് കെയ്ന്‍ വില്യംസ് സണ്‍ റൈസസ് ഹൈദരാബാദില്‍

*ഡ്വെയന്‍ ബ്രാവോ 6.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

* രണ്ട് കോടി രൂപയ്ക്ക് ഷാക്കിബ് അല്‍ ഹസന്‍ സണ്‍ റൈസസ് ഹൈദരാബാദില്‍.

* അജിങ്ക്യാ രഹാനെ രാജസ്ഥാന്‍ റോയലില്‍4 കോടി

* ദ.ആഫ്രിക്കയുടെ ഡു പ്ലെസിസ് 1.6 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍