ഇനി ഫോണ്‍ മെമ്മറി ഫുള്ളാകില്ല; ‘ഫയല്‍സ് ഗോ ആപുമായ്’ ഗൂഗിള്‍

single-img
27 January 2018


ഇന്ത്യക്കാരുടെ ഫോണുകള്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളിലെ ശുഭദിനാശംസകള്‍കൊണ്ട് നിറഞ്ഞ് മെമ്മറി അവതാളത്തിലാകുന്നതിന് പരിഹാരമാര്‍ഗവുമായി ടെക് വമ്പന്‍ ഗൂഗിള്‍. ‘ഫയല്‍സ് ഗോ ആപ്’ അപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ അനാവശ്യ ഫയലുകള്‍ ഫോണില്‍നിന്ന് എളുപ്പം നീക്കം ചെയ്യാമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

ചിത്രങ്ങളുടെ അകമ്പടിയോടെ ഗുഡ്‌മോര്‍ണിംഗ് ഉള്‍പ്പെടെയുള്ള ആശംസകള്‍ വാട്‌സ്ആപ് പോലുള്ള ആപ്പുകളിലൂടെ അയയ്ക്കുന്ന പ്രവണത ഇന്ത്യക്കാരില്‍ കൂടുതലാണെന്നും അതുകൊണ്ടുതന്നെയാണ് ഇവിടുള്ളവരുടെ ഫോണ്‍ മെമ്മറി വേഗം തീരുന്നതെന്നും ഒരു അമേരിക്കന്‍ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതുതായി ഇന്റര്‍നെറ്റ് ലോകത്തേക്ക് എത്തുന്ന ഇന്ത്യക്കാരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സന്ദേശങ്ങളുടെ പ്രവാഹത്തില്‍ മെമ്മറി തീരുന്നതിന് പരിഹാരമൊരുക്കാന്‍ ഗൂഗിള്‍, തങ്ങളുടെ ഫയല്‍സ് ഗോ ആപ് പരിചയപ്പെടുത്തിയത്.

ഫോണ്‍ മെമ്മറി പരിശോധിച്ച് ആവശ്യമില്ലാത്ത സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ആപ്പുകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഡിലീറ്റ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഫയല്‍സ് ഗോ ആപ് സഹായിക്കും. ഫയല്‍സ് ഗോ ആപ്പിന്റെ ഗുണം തിരിച്ചറിഞ്ഞ് ഇതിനോടകംതന്നെ ഒരു കോടിയിലേറെപ്പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുവെന്നും ഗൂഗിള്‍ ആറിയിച്ചു.