അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ കേസില്‍ കൂറുമാറിയത് 27 സാക്ഷികള്‍; മാധ്യമവിലക്കില്‍ വാര്‍ത്ത പുറംലോകം അറിഞ്ഞില്ല

single-img
26 January 2018


സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 40 സാക്ഷികളില്‍ 27 പേരും കൂറുമാറി. പ്രതിക്ക് അനുകൂലമായിട്ടാണ് 27 പേര്‍ മൊഴിമാറ്റിയത്. മാധ്യമ വിലക്ക് നിലനിന്നിരുന്നതിനാല്‍ ഇക്കാര്യം പുറംലോകമറിഞ്ഞിരുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങിയപ്പോള്‍ തന്നെ വിസ്താരവും കോടതി നടപടികളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഹൈക്കോടതി ഇന്നലെയാണ് കേസിലെ മാധ്യമ വിലക്ക് നീക്കിയത്. മുംബൈയിലെ പത്രപ്രവര്‍ത്തകരുടെ സംഘടന നല്‍കിയ ഹര്‍ജ്ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിലക്ക് എടുത്തുകളഞ്ഞത്. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് 40 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്.

40 സാക്ഷികളും നേരത്തേ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും വിചാരണ വേളയില്‍ 27 സാക്ഷികള്‍ മൊഴി മാറ്റിപ്പറഞ്ഞു. പൊലീസ് തിരയുന്ന പ്രതിയായിരുന്നു സൊഹ്‌റാബുദ്ദീനെ മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ പോകുമ്പോഴാണ് സായുധപോലീസ് സംഘം പിടികൂടുന്നത്.

പിന്നീട് സൊഹ്‌റാബുദ്ദീനുമായി നടന്ന ഏറ്റുമുട്ടിലില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. സംഭവത്തിലെ രണ്ടേരണ്ട് ദൃക്‌സാക്ഷികളായിരുന്ന കൗര്‍സബി, പജാപതി എന്നീ രണ്ടുപേരും പിന്നീട് കൊല്ലപ്പെട്ടു. ഇപ്പോള്‍ കൂറുമാറിയ സാക്ഷികള്‍ പ്രതികളെ തിരിച്ചറിയുന്നേയില്ല.

ബസ്സില്‍ നിന്ന് സൊഹ്‌റാബുദ്ദീനെ പൊലീസ് പിടിക്കുന്നത് കണ്ടെന്ന് നേരത്തേ വ്യക്തമാക്കിയ ഡ്രൈവറും ക്ലീനറും പോലും അത്തരത്തിലൊരു സംഭവം തങ്ങള്‍ അറിഞ്ഞതേയില്ലെന്ന് കോടതിയില്‍ പറഞ്ഞു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൊലീസുകാരെ തിരിച്ചറിഞ്ഞ സാക്ഷികള്‍ ഒട്ടുമിക്കവരും കോടതിയില്‍ മൊഴിമാറ്റി.

കോടതി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയിരുന്നതിനാല്‍ ഇക്കാര്യം അപ്പപ്പോള്‍ പുറംലോകം അറിഞ്ഞതുമില്ല. അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്നു. പിന്നീട് കീഴ്‌ക്കോടതി ഷായെ കുറ്റവിമുക്തനാക്കി.

എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകാന്‍ സിബിഐ തയാറായില്ല. അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.