അപവാദപ്രചാരണത്തിനെതിരെ മനോരമ ന്യൂസ് അവതാരക ഷാനി പ്രഭാകര്‍ പരാതി നല്‍കി: സംഘപരിവാര്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ നിയമകുരുക്കിലേക്ക്

single-img
26 January 2018

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസ് ചാനലിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കി.

സുഹൃത്തും എംഎല്‍എയുമായ എം സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിലുള്ളത്. ഇതു സംബന്ധിച്ച് ഒട്ടേറെ ലിങ്കുകളും സ്‌ക്രീന്‍ ഷോട്ടുകളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

തിങ്ക് ഓവര്‍ കേരള എന്ന ഫേയ്‌സ്ബുക്ക് പേജിലാണ് ഇരുവരെയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതു മറ്റു പല ഫെയ്‌സ്ബുക്ക് പേജുകളിലും പ്രത്യക്ഷപ്പെടുകയായിരുന്നു.

ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം

സര്‍,

ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നു.

സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്.

സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുത നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.

ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി