പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന് പിന്‍നിരയില്‍ സ്ഥാനം നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായി: സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് രാഹുല്‍ പരേഡ് കണ്ടു

single-img
26 January 2018


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം രാജ്യം പ്രൗഢഗംഭീരമായി ആഘോഷിച്ചപ്പോള്‍ രാജ്പഥില്‍ നടന്ന പരേഡില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിച്ചത് കല്ലുകടിയായി. നാലാം നിരയില്‍ സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ആറാം നിരയില്‍ സാധാരണക്കാര്‍ക്ക് ഒപ്പമിരുന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റിപ്പബ്ലിക് ദിന പരേഡ് കണ്ടത്.

ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ഇത്രയും പുറകിലത്തെ ഇരിപ്പിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി എന്നിവര്‍ പരേഡ് കാണാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം എല്ലായ്‌പ്പോഴും കോണ്‍ഗ്രസ് മേധാവിക്ക് ഒന്നാം നിരയിലായിരുന്നു ഇരിപ്പിടം. പത്ത് ആസിയാന്‍ രാജ്യ മേധാവികള്‍ സാക്ഷ്യം വഹിച്ച പരേഡില്‍ തങ്ങളെ അപമാനിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും നരേന്ദ്ര മോദി ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷങ്ങളിലും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിക്ക് മുന്‍നിരയിലായിരുന്നു സ്ഥാനം. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്നാണ് പാര്‍ട്ടി കരുതുന്നത്.

കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ. അഡ്വാനിക്ക് മുന്‍നിരയില്‍ സ്ഥാനം നല്‍കിയിരുന്നതും കോണ്‍ഗ്രസ് എടുത്തുകാട്ടുന്നു. 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇന്നത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യ അതിഥികളായി പങ്കെടുത്തത്. ഈ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എന്നാല്‍ ഇവരിലാരും തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന അതിഥികളെ പ്രതിപക്ഷ അംഗങ്ങള്‍ കാണാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തെത്തുന്ന വിദേശ പ്രതിനിധികള്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളെ സന്ദര്‍ശിക്കുന്ന പതിവ് കാലങ്ങളായുണ്ട്.

എന്നാല്‍ ഇത്തവണ ബി.ജെ.പി അതിന് തുരങ്കം വച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു. 2012ല്‍ തങ്ങള്‍ക്ക് മുന്‍നിരയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ റിപ്പബ്ലിക് ദിന പരേഡ് ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.