വെടിനിര്‍ത്തല്‍ ലംഘനം; പാക് സൈനികര്‍ക്ക് ബിഎസ്എഫ് ഇത്തവണ മധുരം കൈമാറിയില്ല

single-img
26 January 2018


പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്ന് ഇത്തവണ പാകിസ്താന്‍ അതിര്‍ത്തി രക്ഷാസേനയായ പാകിസ്താന്‍ റേഞ്ചേഴ്‌സിന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) മുധരവും ആശംസയും കൈമാറില്ല.

വര്‍ഷങ്ങളായി ഈദ്, ദീപാവലി, ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനങ്ങള്‍, ഇന്ത്യയുടെ റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തി രക്ഷാ സൈനികര്‍ പരസ്പരം ആശംസകളും മധുരവും കൈമാറുന്ന പതിവ് നിലവിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്നാണ് ബി എസ് എഫ് മധുരം കൈമാറാതിരുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലും ഇന്ത്യന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഈ റിപ്പബ്ലിക് ദിനത്തില്‍ മധുര പലഹാരം കൈമാറില്ലെന്ന് പാകിസ്താന്‍ റേഞ്ചേഴ്‌സിനെ വ്യാഴാഴ്ച അറിയിച്ചുവെന്ന് ബി.എസ്.എഫ് വക്താക്കള്‍ വ്യക്തമാക്കി. പഞ്ചാബിലെ അട്ടാരിവാഗാ ചെക്ക്‌പോസ്റ്റിലായിരുന്നു പതിവായി മധുരം കൈമാറിയിരുന്നത്.

പാകിസ്താനുമായി ഇവിടെ 553 കിലോമീറ്റര്‍ ആണ് അതിര്‍ത്തി പങ്കിടുന്നത്. 45 വര്‍ഷത്തിനിടെ ഇതിനു മുമ്പും ചില അവസരങ്ങളില്‍ പാകിസ്താന്റെ അതിര്‍ത്തി രക്ഷാ സൈനികരുമായി മധുരം കൈമാറുന്നതിന് ബി എസ് എഫ് വിസമ്മതിച്ചിരുന്നു. ഐ എ എന്‍ എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.