ദുല്‍ഖര്‍ സല്‍മാനുമായി ഒന്നിച്ച് അഭിനയിക്കുമോ?: മമ്മൂട്ടിയുടെ മറുപടി

single-img
26 January 2018

മമ്മൂട്ടിയുടെ ത്രില്ലര്‍ സ്ട്രീറ്റ് ലൈറ്റ്‌സ് ഇന്ന് തീയറ്ററില്‍ എത്തുകയാണ്. വലിയ അവകാശവാദങ്ങളില്ലാതെയാണ് എന്റര്‍ടെയിനിങ് ത്രില്ലര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വിശേഷിപ്പിച്ച സിനിമയെത്തുന്നത്. മാസ്റ്റര്‍പീസ് ഗള്‍ഫില്‍ അദ്ഭുതവിജയം നേടിയ പശ്ചാത്തലത്തില്‍ മമ്മൂട്ടി ആദ്യ ഷോയ്ക്കായി ഷാര്‍ജയിലെത്തി.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മകന്‍ ദുല്‍ഖര്‍ സല്‍മാനുമായി ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കാം. അത് എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മമ്മൂക്ക പറഞ്ഞു. ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് സ്ട്രീറ്റ് ലൈറ്റിലേതെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ ചിത്രങ്ങളില്‍ പൊലീസായിട്ടണ്ടെങ്കിലും ഓരോന്നും വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ട്. സ്ട്രീറ്റ് ലൈറ്റ്‌സിലെ പൊലീസുദ്യോഗസ്ഥന്‍ തീര്‍ത്തും വ്യത്യസ്തമാണ്. കൂടുതല്‍ പ്രേക്ഷകര്‍ കാണുന്നതിനാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്.

ഇതിനകം സിനിമയില്‍ പത്തായിരം സ്റ്റണ്ടുകളെങ്കിലും നടത്തിയിട്ടുണ്ടാകും. ഷാംദത്ത് പ്രതിഭയുള്ള കലാകാരനാണ്. പുതിയ സംവിധായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത്, അവര്‍ക്ക് പുതിയതെന്തെങ്കിലും പറയാനുണ്ടായിരിക്കും എന്നതു കൊണ്ട് തന്നെ. സ്ട്രീറ്റ്‌ലൈറ്റ്‌സില്‍ അഭിനയിച്ച എല്ലാ നടീനടന്മാര്‍ക്കും പ്രാധാന്യമുണ്ട്.

നമ്മുടെ തെരുവു വിളക്കുകള്‍ക്കടിയില്‍ പലതും സംഭവിക്കുന്നു. ആ കഥയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് പറയുന്നത്. അത് ബോറടിപ്പിക്കാതെ പറയുന്ന വെല്ലുവിളി സംവിധായകന്റേതാണ്. ചിത്രം മികച്ചതാണോ എന്ന് കണ്ടതിന് ശേഷം പ്രേക്ഷകരാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ് ത്രില്ലര്‍ മൂഡിലുള്ള സ്ട്രീറ്റ് ലൈറ്റ് മലയാളത്തിലും തമിഴിലും നിര്‍മിച്ചത്.