മകന്റെ മൃതദേഹം കത്തിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു തീരുമാനമെന്ന് ജയമോള്‍

single-img
26 January 2018

കൊല്ലം: കുണ്ടറയില്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത് പരപ്രേരണയോ സഹായമോ ഇല്ലാതെയാണെന്ന മാതാവ് ജയമോളുടെ മൊഴി ശരിയാവാമെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍. ജയമോള്‍ക്ക് അന്യപുരുഷന്മാരുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ജയമോളെ കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലില്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് മാനസികനില പരിശോധിച്ചു.

ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. തുടര്‍ന്ന് പരവൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലിലേക്കയച്ചു. കൊല നടത്തിയതും മൃതശരീരം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. കമ്മിഷണര്‍ എ.ശ്രീനിവാസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെയാണ് ജയമോള്‍ മൊഴി ആവര്‍ത്തിച്ചത്.

മുത്തച്ഛന്റെ വീട്ടില്‍ പോയിവന്ന മകന്‍ ജിത്തുവുമായി അടുക്കളയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയമോളുടെ മൊഴി. ഷാള്‍ കഴുത്തില്‍ മുറുക്കി മകനെ കൊലപ്പെടുത്തിയശേഷം വീടിനു പിറകിലെ മതിലിനോടുചേര്‍ത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.

മൃതശരീരം പൂര്‍ണമായും കത്താത്തതിനാല്‍ വെള്ളമൊഴിച്ച് തീ കെടുത്തി. പകുതി കത്തിക്കരിഞ്ഞ ശരീരം അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളി. സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടില്‍നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ടാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മൃതശരീരം അവിടെ ഉപേക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി എട്ടരയോടെ മടങ്ങിയെത്തിയ ഭര്‍ത്താവിനോട് കടയിലേക്കു പോയ മകന്‍ മടങ്ങിയെത്തിയില്ലെന്ന് പറഞ്ഞു. പിന്നെ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെ ആറുമണിയോടെ ഇവര്‍ മകന്റെ മൃതദേഹം കിടക്കുന്നിടത്തു വന്ന് പരിശോധിച്ചു.

മകനെ കത്തിച്ച സ്ഥലത്ത് പാതിവെന്ത ശരീരത്തില്‍നിന്ന് അടര്‍ന്നുവീണ ശരീരഭാഗങ്ങള്‍ രാവിലെ തീയിട്ടു കത്തിച്ചു. സംഭവത്തില്‍ കൂട്ടുപ്രതിയുണ്ടാകാം എന്ന സംശയത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ജയമോള്‍ക്ക് മാനസികരോഗമുണ്ടെന്ന് ഭര്‍ത്താവും മകളും ഉറപ്പിച്ചുപറഞ്ഞതോടെയാണ് വീണ്ടും ഇവരെ മാനസികരോഗ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാഫലം രണ്ടുദിവസം കഴിഞ്ഞ് ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്ന് ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ് പറഞ്ഞു.