ആശുപത്രിക്ക് തീ പിടിച്ച് 33 മരണം; നിരവധി പേര്‍ക്ക് പരുക്ക്

single-img
26 January 2018

ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 33 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ നഗരമായ മിര്‍യാങിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സീജോങ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

100 ഓളം പേര്‍ തീ പടര്‍ന്ന സമയത്ത് ആശുപത്രി കെട്ടിടത്തില്‍ ഉണ്ടായിരുന്നു. തലസ്ഥാന നഗരമായ സോളില്‍ നിന്ന് 170 മൈല്‍സ് അകലയെയാണ് അപകടം നടന്ന സ്ഥലം. കെട്ടടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് അഗ്‌നിബാധയുണ്ടായതെന്ന് ദൃസാക്ഷികള്‍ പറയുന്നു.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7.30നാണ് സംഭവം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദക്ഷിണകൊറിയയിലുണ്ടാകുന്ന ഏറ്റവും വലിയ അഗ്‌നിബാധയാണിത്. ഒരു മാസം മുന്‍പ് മറ്റൊരു ദക്ഷിണകൊറിയന്‍ നഗരമായ ജെചിയോണിലെ പൊതു ജിംനേഷ്യത്തിലുണ്ടായ അഗ്‌നിബാധയില്‍ 29 പേര്‍ മരിച്ചിരുന്നു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ–ഇന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.