ഇന്ധന വില വീണ്ടും കുത്തനെ കൂടും: ക്രൂഡ് ഓയില്‍ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയില്‍

single-img
26 January 2018

ക്രൂഡ് ഓയില്‍ വില ബാരലിന് 71 ഡോളറിലെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അസംസ്‌കൃത എണ്ണയുടെ വില 71 ഡോളറിലേക്കെത്തുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും ഉത്പാദനം വെട്ടികുറച്ചതാണ് ആഴ്ചകളായുള്ള വിലക്കയറ്റത്തിന് കാരണം.

കഴിഞ്ഞ വര്‍ഷമാണ് ഉത്പാദനം കുറഞ്ഞ തോതിലാക്കാന്‍ ഓപെകും റഷ്യയും തീരുമാനിച്ചത്. ഈ വര്‍ഷം ഉടനീളം ഉത്പാദനം കുറഞ്ഞ തോതില്‍ തുടരാനാണ് അവരുടെ തീരുമാനം. ഡോളറിന്റെ വില ഒട്ടുമിക്ക പ്രമുഖ കറന്‍സികള്‍ക്കെതിരെയും താഴുന്നതും എണ്ണ വില ഉയരുന്നതിനു കാരണമാകുന്നു.

നിക്ഷേപകര്‍ കറന്‍സി മാര്‍ക്കറ്റില്‍ നിന്ന് നിക്ഷേപം ക്രൂഡ് ഓയില്‍, സ്വര്‍ണ്ണം തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് മാറ്റുന്നതാണ് ഇതിനു ഒരു കാരണം. എന്നാല്‍ വില മുന്നേറ്റത്തിനു തടയിടുന്നതിനായി അമേരിക്ക ഉത്പാദനം കൂടിയിട്ടുണ്ട്. 2016 ജൂണിനു ശേഷം അവരുടെ ഉത്പാദനം സൗദി അറേബ്യക്ക് ഒപ്പമാണ്.

എണ്ണ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്മാക്കി. ദാഫോസില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനിടെ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നോവാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2018 അവസാനം വരെ ഉല്‍പാദനം നിയന്ത്രിക്കാനാണ് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുള്ളത്. ഒപെക് കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ ഉല്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും ഇതില്‍ സഹകരിച്ചിരുന്നു. നിയന്ത്രണം നീട്ടാനുള്ള തീരുമാനം എണ്ണ വില വര്‍ധനവിന് കാരണമായിരുന്നു.

2018 കഴിഞ്ഞാലും ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കാന്‍ ഉല്‍പാദന രാജ്യങ്ങള്‍ക്ക് ഉദ്ദേശമില്ല. 2019ല്‍ പടിപടിയായി വിപണി ആവശ്യം പരിഗണിച്ചായിരിക്കും നിയന്ത്രണം പിന്‍വലിക്കുക. ഉല്‍പാദന നിയന്ത്രണത്തിന് ഉപരിയായ സഹകരണം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെടണമെന്നും സൗദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു.