സന്ദര്‍ശകരുമായി സംവദിക്കുന്ന ആനകള്‍: യു.എ.ഇ.യിലെ ‘ആനച്ചന്തം’ കണ്ടിട്ടുണ്ടോ?

single-img
25 January 2018

സന്ദര്‍ശകരുമായി സംവദിക്കുന്ന ആനകള്‍ അബുദാബി എമിറേറ്റ്‌സ് പാര്‍ക്ക് സൂവില്‍ കൗതുകമാവുന്നു. ഇന്ത്യക്കാരായ മധു രാധ എന്നീ ആനകളാണ് ഇവിടത്തെ താരങ്ങള്‍. യു.എ.ഇ.യില്‍ ആനകളുള്ള ഏക പാര്‍ക്കും ഇതാണ്. യു.എ.ഇയിലെ കുട്ടികള്‍ക്ക് ആനകളെപ്പറ്റി കൂടുതല്‍ അറിയാനും മനസിലാക്കാനും എലിഫന്റ് എന്‍കൗണ്ടര്‍ എന്ന പേരില്‍ ഒരു പ്രത്യേക പരിപാടി തന്നെ സംഘാടകര്‍ നടത്തുന്നുണ്ട്.

മധുവിനെയും രാധയെയും അടുത്തുകാണാന്‍ അവസരം നല്‍കുന്നതുകൂടാതെ, തീറ്റ കൊടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇവരുടെ ഓരോ ചലനവും വരുന്നവര്‍ക്ക് കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. എല്ലാ ദിവസവും രാവിലെ പത്ത് മണിക്കും, വൈകുന്നേരം നാല് മണിക്കും, ആറരക്കും എലിഫന്റ് എന്‍കൗണ്ടര്‍ സംഘടിപ്പിക്കും.

അരമണിക്കൂര്‍ വീതമാണ് പരിപാടി. നാല്‍പത് ദിര്‍ഹമാണ് പ്രവേശന ഫീസ്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആനകളെക്കൂടാതെ ജിറാഫുകളോടും ഇത്തരത്തില്‍ അടുത്തിടപെടാന്‍ ഇവിടെ അവസരമുണ്ട്. ഇവയ്ക്ക് പുല്ലുകളും, കാരറ്റും വാങ്ങിനല്‍കാന്‍ കുട്ടികളുടെ തിരക്കാണ്. സിംഹം, ചീറ്റ, കടുവ, മാന്‍,പുലി തുടങ്ങിയ മൃഗങ്ങളും ഇവിടെയുണ്ട്.

ആനകളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ഭിത്തികളില്‍ പതിപ്പിച്ചിട്ടുണ്ട്. മൃഗശാലയ്ക്ക് നെറ്റിപ്പട്ടം ചാര്‍ത്തി മധുവും രാധയും ഇവിടെയെത്തിയിട്ട് നാലുവര്‍ഷമായി. മധുവും രാധയും നേരത്തേ മലയാളിയുടെ സര്‍ക്കസ് കമ്പനിയിലായിരുന്നു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ സര്‍ക്കസുമായി ബന്ധപ്പെട്ട് ഇരുവരും എത്തിയിട്ടുണ്ട്. സൈക്കിള്‍ അഭ്യാസം ഉള്‍പ്പെടെ പല നമ്പറുകളും പ്രദര്‍ശിപ്പിക്കാന്‍ പരിശീലനം ലഭിച്ചയാളാണ് മധു. സര്‍ക്കസില്‍നിന്നു പിന്നീട് മൃഗശാലയിലെത്തിക്കുകയായിരുന്നു.

കാരറ്റ്, കുക്കുമ്പര്‍, പഴം തുടങ്ങിയവയാണ് സന്ദര്‍ശകര്‍ ആനകള്‍ക്കു നല്‍കുന്നത്. സലാം നല്‍കിയും തേങ്ങ ഉടച്ചും വെള്ളം ചീറ്റിച്ചുമെല്ലാം ഇടയ്ക്ക് ഇവര്‍ കാണികളെ രസിപ്പിക്കും. ഭക്ഷണത്തിന് ഒരു ക്ഷാമവുമില്ല. ഒമാനിലും അല്‍ ഐനിലും നിന്നെല്ലാം എത്തിക്കുന്ന പുല്ല്, 250 കിലോ പഴം, ദിവസേന കുളി, താമസത്തിന് 14 ടണ്‍ എസിയുള്ള മുറി തുടങ്ങിയവയും ഇവര്‍ക്ക് സ്വന്തം.