തിരുവനന്തപുരം ശ്രീപദ്മനാഭ തീയേറ്ററില്‍ വന്‍ തീപിടുത്തം

single-img
25 January 2018

തിരുവനന്തപുരം: നഗരത്തിലെ ശ്രീപദ്മനാഭ സിനിമാ തീയേറ്ററില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി തീ കെടുത്തി. ബാല്‍ക്കണിയിലെ സീറ്റുകളും ബോക്‌സുകളും സീലിംഗും പൂര്‍ണമായും നശിച്ചു.

ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമികകണക്ക്. പ്രൊജക്ടറിന് കേടുവന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണ്. തിയറ്റര്‍ സമുച്ചയത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മിനി തിയറ്ററായ ‘ദേവിപ്രിയ’ക്ക് കേടുപാടില്ല.

കൃത്യസമയത്ത് അഗ്‌നിശമനസേന എത്തി ഇടപെട്ടതിനാലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതിരുന്നതെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞു. നാലോളം ഫയര്‍ എന്‍ജിനുകള്‍ രംഗത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.