വടകരയില്‍ അന്താരാഷ്ട്ര കള്ളനോട്ട് സംഘം പിടിയില്‍

single-img
25 January 2018

അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ രണ്ടു പേര്‍ വടകരയില്‍ പിടിയില്‍. വടകര താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹൂറയില്‍ സുല്ലു എന്ന സലീം, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ കളത്തില്‍ അബ്ദുള്‍ ലത്തീഫ് എന്നിവരെയാണ് ഡിവൈഎസ്പി ടി.പി. പ്രേമരാജന്‍, സിഐ ടി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്. ഡിവൈഎസ്പിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. തിരക്കേറിയ സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കുകയായിരുന്നു ഉദ്ദേശം.

ഇതിനു വേണ്ടി വടകര എംആര്‍എ ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സുല്ലു എന്ന സലീമിനെ പിടികൂടിയ പോലീസ് 49,000 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളുടെ താഴെഅങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2,67,500 രൂപ കൂടി പിടിച്ചെടുത്തു.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മേലാറ്റൂരിലെ ലത്തീഫുമായുള്ള ബന്ധം വ്യക്തമായത്. ഇരുവരും മറ്റൊരാളും ചേര്‍ന്നു വയനാട്ടില്‍ വച്ചാണ് കള്ളനോട്ട് നിര്‍മിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തി. കള്ളനോട്ടുകള്‍ ബംഗളൂരുവില്‍ നിന്നു കിട്ടിയതാണെന്ന് പറഞ്ഞ് വഴി തെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും അന്വേഷണത്തില്‍ ഇതു തെറ്റാണെന്ന് വ്യക്തമായി.

മൂന്നാമത്തെയാളെ പിടികൂടിയാലേ കള്ളനോട്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രിന്ററും മഷിയും കണ്ടെത്താനാകൂ. സംഘം നിര്‍മിച്ചത് ഒറിജിനലിനെ വെല്ലുന്ന നോട്ടുകളാണ്. എല്ലാറ്റിലും ത്രെഡ് വ്യക്തമായി കാണാം. എത്ര കള്ളനോട്ടുകള്‍ സംഘം വിതരണം ചെയ്‌തെന്ന് വ്യക്തമായിട്ടില്ല.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു. മൂന്നര ലക്ഷത്തിന്റെ കള്ളനോട്ട് കൈമാറിയാല്‍ ഒന്നര ലക്ഷം രൂപയുടെ ഒറിജിനല്‍ ഈ റാക്കറ്റില്‍ നിന്നു ലഭിക്കും. റൂറല്‍ ജില്ലയില്‍ ഇത് മൂന്നാം തവണയാണ് കള്ളനോട്ട് പിടികൂടുന്നത്. ഇവയ്‌ക്കെല്ലാം ബംഗളൂരുവുമായി ബന്ധമുണ്ട്.

ഓര്‍ക്കാട്ടേരിയില്‍ നിന്ന് ഈയിടെ ഒളിച്ചോടി കോഴിക്കോട് പിടിയിലായ അംജാദും പ്രവീണയും ചേര്‍ന്ന് നിര്‍മിച്ച കള്ളനോട്ടിനെ വെല്ലുന്ന വിധത്തിലാണ് ഇവരുടെ ഇടപാടെന്ന് എസ്പി പറഞ്ഞു. അംജാദിനും ബംഗളൂരു ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. സലീമും അബ്ദുള്‍ ലത്തീഫും വയനാട്ടുകാരനും ഗള്‍ഫില്‍ വച്ചാണ് പരിചയപ്പെട്ടത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എസ്പി അറിയിച്ചു.