പെട്രോളിന് 80 രൂപ: ഇന്ധനക്കൊള്ളക്ക് മോദി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നോ?

single-img
22 January 2018

രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. പെട്രോള്‍ വില 2014 ന് ശേഷം ആദ്യമായി 80 രൂപ തൊട്ടു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 മായി. ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

അധികം വൈകാതെ കേരളത്തിലും വില 80 ലേക്ക് എത്തിയേക്കും. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരി മുന്നേറുകയാണ്.

കേന്ദ്രം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിലപാടിനോട് യോജിപ്പില്ല.

ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില നിയന്ത്രണാതീതാമയി ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കാണുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാന്‍ സാധിച്ചേക്കും. അങ്ങനെയായാല്‍ പരമാവധി നികുതി 28 ശതമാനമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പതിനൊന്ന് തവണയാണ് നികുതി വര്‍ധിപ്പിച്ചത്.

പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ലിറ്ററിനു രണ്ടുരൂപ കുറച്ചിരുന്നു. രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നടത്തിയ നികുതിവര്‍ധനയിലൂടെ ലക്ഷക്കണക്കിനു കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു. എന്നാല്‍ ഈ തുക സര്‍ക്കാര്‍ തോന്നും പോലെ ചെലവഴിക്കുകയായിരുന്നുന്നെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം കുറ്റപ്പെടുത്തി.