എസ്ഡിപിഐയെ നിരോധിക്കണമെന്ന് കുമ്മനം: ‘കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി മാറി’

single-img
20 January 2018

കൊച്ചി: ഐസിസ് തീവ്രവാദികള്‍ക്ക് സിപിഎമ്മും പൊലീസും കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇതിന്റെ ഫലമായിട്ടാണ് കണ്ണൂര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കുമ്മനം.

കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണെന്നും കുമ്മനം ആരോപിച്ചു. എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിനുകാരണം സിപിഎമ്മും പോലീസും സ്വീകരിക്കുന്ന മൃദുസമീപനമാണ് കുമ്മനം പറഞ്ഞു. സംഘര്‍ഷാവസ്ഥയില്ലാത്ത സ്ഥലത്ത് എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഐഎസ് തീവ്രവാദത്തിന്റെ കരുനീക്കം മൂലമാണ്.

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നത്. നേരത്തേ, പകല്‍ സിപിഎം കൊടിപിടിക്കുന്നവര്‍ രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നവര്‍ പകല്‍ എസ്ഡിപിഐ പ്രവര്‍ത്തനം നടത്തുകയും രാത്രിയില്‍ സിപിഎം ഗ്രാമങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും അവര്‍ക്ക് അഭയമൊരുക്കുകയും ചെയ്യുന്നു.

അശ്വിനി കുമാര്‍, സച്ചിന്‍ ഗോപാല്‍ എന്നിവരുടെ കൊലപാതകം ജിഹാദി തീവ്രവാദം നടത്തിയിരുന്ന പ്രസ്ഥാനങ്ങളാണ് ചെയ്തത്. എന്നാല്‍ അതേക്കുറിച്ചൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. ഒരു കൊലപാതകം നടന്നാല്‍ കൃത്യത്തെ കുറിച്ച് മാത്രമല്ല, അതിന്റെ പിന്നാമ്പുറത്തെ കുറിച്ചും അന്വേഷിക്കണം. ഇവിടെ കൃത്യം ചെയ്തവരെ പിടിച്ചെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നോ ആയുധങ്ങളും മറ്റും എവിടെനിന്ന് വന്നെന്നോ ഒന്നും പോലീസ് അന്വേഷിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.