വടകരയില്‍ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും ഒളിച്ചോടിയ സംഭവം: കള്ളനോട്ട് അച്ചടിച്ച കേസ് ക്രൈംബ്രാഞ്ചിന്

single-img
18 January 2018

കോഴിക്കോട് വടകരയില്‍ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും ചേര്‍ന്ന് കള്ളനോട്ട് അടിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസുകള്‍ ഉന്നത ഏജന്‍സിയ്ക്ക് കൈമാറണമെന്ന ഡി.ജി.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കേസില്‍ പത്തിലധികം പേര്‍ക്ക് പങ്കുള്ളതായി ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകും.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ അംജാദിനെ (23)കാണാതായത്. ഒരുമാസം കഴിഞ്ഞപ്പോള്‍ ഒഞ്ചിയം സ്വദേശി പ്രവീണയും (32) അപ്രത്യക്ഷയായി. ഇതേതുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു.

തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ജയില്‍ റോഡിലെ ഒരു വീടിന്റെ ഒന്നാം നിലയില്‍ ഇവര്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും പുലര്‍ച്ചയോടെ അവിടെനിന്ന് പിടികൂടുകയുമായിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജനോട്ടും ലോട്ടറിയും നിര്‍മിച്ചതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് വ്യാജ ലോട്ടറി ടിക്കറ്റും കള്ളനോട്ടുകളും കണ്ടെത്തി. 100 രൂപയുടെ 50ഉം, 50ന്റെ 10ഉം കള്ളനോട്ടുകളും, കേരള ലോട്ടറിയുടെ 500 രൂപ സമ്മാനമടിച്ച നാല് വ്യാജ ടിക്കറ്റുകളുമാണ് കണ്ടെത്തിയത്.

ജില്ലയിലെ വിവിധയിടങ്ങളില്‍ ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും നോട്ട് കൈമാറിയിരുന്നു. നോട്ടടിക്കുന്നതിന് ആവശ്യമായ സാധനങ്ങളെത്തിച്ചിരുന്നത് പ്രവീണയായിരുന്നു. നിര്‍മാണത്തിന്നതിനാവശ്യമായ പേപ്പര്‍, പ്രിന്ററുകള്‍, സ്‌കാനറുകള്‍, ലാപ്പ് ടോപ്പ്, കട്ടിംഗ് മെഷീനുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. താമസകേന്ദ്രത്തില്‍ സിസിടിവി സ്ഥാപിച്ച് കംപ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങള്‍ ലഭിക്കാനുള്ള സംവിധാനവും തയാറാക്കിയിരുന്നു.

ഒരു സ്വകാര്യ ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിവിധയിടങ്ങളില്‍ ഇവര്‍ പരിചയപ്പെടുത്തിയത്. പൊലീസ് ക്രൈംബ്രാഞ്ചിന്റെ വ്യാജ ഐഡന്റിറ്റി കാര്‍ഡും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജലോട്ടറി ടിക്കറ്റുകള്‍ ഉപയോഗിച്ച് സമ്മാനത്തുകയും കൈപ്പറ്റി.

വേഗത്തില്‍ പണക്കാരായി മാറുന്നതിനുള്ള ആഗ്രഹമാണ് കള്ളനോട്ടടിയ്ക്ക് പിന്നിലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. കേസില്‍ പ്രവീണ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഇരുവരും പിടിയിലായതിന് പിന്നാലെ വിവിധയിടങ്ങളില്‍ സഞ്ചരിച്ച് പൊലീസ് നിരവധി തെളിവുകള്‍ ശേഖരിച്ചിരുന്നു. വടകര സി.ഐ ടി.മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിന്റെ മുഴുവന്‍ വിവരങ്ങളും അടുത്തദിവസം ക്രൈംബ്രാഞ്ചിന് കൈമാറും.

ഭര്‍ത്താവ് വിദേശത്തുള്ള പ്രവീണയ്ക്ക് ഏഴു വയസുള്ള കുട്ടിയുണ്ട്. അംജാദിന്റെ കടയില്‍ ജോലി ചെയ്യവേ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും നാടുവിടാന്‍ തീരുമാനിക്കുകയുമായിരുന്നു. അംജാദ് പുതിയറയിലെ ഫ്‌ലാറ്റില്‍ ഓണ്‍ ലൈന്‍ ബിസിനസ് തുടങ്ങിയിരുന്നു.

ഇതു മൂലം അധികമൊന്നും പുറത്തിറങ്ങാത്തതു കൊണ്ട് പൊലീസിന് കണ്ടെത്താന്‍ ബുദ്ധിമുട്ടായി. അംജാദ് ഒരു ഫോണ്‍ നമ്പരിലേക്ക് പതിവായി വിളിക്കുന്നത് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പൊലീസ് പുതിയറയില്‍ എത്തിയത്. ഇടപാടുകള്‍ ഇന്റര്‍നെറ്റ് വഴി നടത്തിയിരുന്ന അംജാദ് ചുരുങ്ങിയ ദിവസമേ ഓരോ സിം കാര്‍ഡും ഉപയോഗിച്ചിരുന്നുള്ളൂ.