നികുതി വെട്ടിപ്പ്:അമല ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി.

single-img
15 January 2018


കൊച്ചി: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമല ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായത്. ഇന്ന് പത്ത് മുതല്‍ ഒന്നുവരെ ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അമല ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ അമലയോട് ക്രൈംബ്രാഞ്ച് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി അമല ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമലാ പോള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

അമല പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍. വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കേണ്ടി വരുമായിരുന്നു.

നേരത്തെ സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ഡിസംബര്‍ 25 ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയതായും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും ഫഹദ് അന്വേഷണസംഘത്തിന് മുന്‍പാകെ വ്യക്തമാക്കിയിരുന്നു.