കൊഹ്‌ലി ഔട്ടാകുന്നത് കണ്ട് സഹിച്ചില്ല: ആരാധകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

single-img
9 January 2018

കേപ്ടൗണ്‍ ടെസ്റ്റില്‍ നായകന്‍ വിരാട് കൊഹ്‌ലി കുറഞ്ഞ സ്‌കോറില്‍ ഔട്ടാകുന്നത് കണ്ട് നിരാശനായി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 63 കാരന്‍ മരിച്ചു. മധ്യപ്രദേശിലെ മുന്‍ റെയില്‍വേ ജീവനക്കാരനും കൊഹ്‌ലിയുടെ കടുത്ത ആരാധകനുമായ ബാബുബാല്‍ ഭൈരവ എന്ന 63 കാരനാണ് ആത്മാഹൂതി ചെയ്തത്.

വീട്ടിലിരുന്ന് ടെസ്റ്റ് കാണുകയായിരുന്ന ബാബുബാലിന് കൊഹ്‌ലി കുറഞ്ഞ സ്‌കോറില്‍ ഔട്ടാകുന്നത് കണ്ട് സഹിച്ചില്ല. പിന്നെ മറ്റൊന്നും ചിന്തിക്കാതെ ബാബുബാല്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ ബാബുബാലിന്റെ അലറല്‍ കേട്ടാണ് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയത്. തുടര്‍ന്ന് തീയണച്ച ശേഷം ബാബുബാലിനെ ആശുപത്രിയില്‍ എത്തിച്ചു. തലയിലും മുഖത്തും കൈകളിലുമൊക്കെ ഗുരുതരമായി പൊള്ളലേറ്റ ബാബുബാലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊഹ്‌ലിയുടെ മോശം പ്രകടനത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബാബുബാല്‍ ചികിത്സയിലിരിക്കെ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കേപ്ടൗണ്‍ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ അഞ്ച് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സുമായിരുന്നു കൊഹ്‌ലിയുടെ സമ്പാദ്യം.