പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു വളപട്ടണം മാതൃക; രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന മികവുകള്‍ അറിയാം…

single-img
7 January 2018

രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന അവാര്‍ഡില്‍ കേരളത്തില്‍ കണ്ണൂരിലുള്ള വളപട്ടണം സ്റ്റേഷന്‍ ഒന്നാമത്. രാജ്യതലത്തില്‍ ഒമ്പതാം സ്ഥാനമാണ് വളപട്ടണത്തിനുള്ളത്. കേസുകള്‍ തീര്‍പ്പാക്കുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമുള്ള വേഗത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, ക്രമസമാധാന പാലനം തുടങ്ങി 30 കാര്യങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

അവസാന നിമിഷം വരെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വളപട്ടണം അവസാന നിമിഷമാണ് ഒമ്പതാം സ്ഥാനത്തേക്ക് പോയത്. 1905 ല്‍ സ്ഥാപിതമായ വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിലവില്‍ മുപ്പത്തി എട്ടാമത്തെ സിഐ ആയി എ. കൃഷണന്‍ സേവനമനുഷ്ട്ടിക്കുന്നു.

144 ാമത്തെ എസ്‌ഐ ആയിട്ടുള്ള ശ്രീജിത്ത് കൊടേരിയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജനകീയ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മണല്‍ മാഫിയക്കെതിരെയും വളപട്ടണം പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ തോതിലുള്ള ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പുതിയ തെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വളപട്ടണം പോലീസ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. സാമൂഹ്യ ദ്രോഹികള്‍ക്കെതിരേയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനെതിരേയും കൈക്കൊണ്ട ചില നിലപാടുകള്‍ വളപട്ടണം പോലീസിനു ജനകീയ മുഖം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

രണ്ടുവര്‍ഷം മുന്‍പ് ശ്രീജിത്ത് കൊടേരി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വളപട്ടണം സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീടുണ്ടായത്. ഉത്സവ സമയങ്ങളില്‍ സ്ഥിരം രാഷ്ട്രീയ അക്രമങ്ങളില്‍ അവസാനിക്കുമായിരുന്ന പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി സമാധാനപരമായി നടക്കുന്നത് വളപട്ടണം പോലീസിന്റെ ആത്മാര്‍ഥമായ ഇടപെടല്‍കൊണ്ട് മാത്രമാണ്.

ഇക്കഴിഞ്ഞ ദിവസം അഴീക്കോട് വന്‍കുളത്ത് വയലിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കാന്‍ വളപട്ടണം പോലീസിന്റെ ഇടപെടല്‍കൊണ്ട് സാധിച്ചു. ഇത്തരത്തില്‍ നേട്ടങ്ങളുടെയും അനുമോദനങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡിനുള്ള പട്ടികയിലും വളപട്ടണം പോലീസ് സ്റ്റേഷന്‍ ഇടം പിടിച്ചിരിക്കുന്നത്.

ഓണം, പെരുന്നാള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ പരിപാടികളില്‍ നിര്‍ധനരും പാവങ്ങളുമായവരെ സഹായിക്കാന്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സിഐ എ. കൃഷ്ണനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്.