രജനീകാന്ത് എന്‍.ഡി.എയുടെ സഖ്യകക്ഷിയാണെന്ന് ബി.ജെ.പി

single-img
1 January 2018

ചെന്നൈ: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് എന്‍.ഡി.എയുടെ ഭാഗമായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍. രജനീകാന്ത് പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തന്നെ വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള രജനിയുടെ തീരുമാനത്തെ അവര്‍ അഭിനന്ദിച്ചു. ബിജെപിയുടെ ലക്ഷ്യമായ അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. അഴിമതിക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിയാണ് ഏറ്റവും യോജിച്ചതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു.

അതേസമയം ബി.ജെ.പിക്കൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രജനീകാന്തിനെ സഹായിക്കില്ലെന്ന് മദ്രാസ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്‌സ് വിഭാഗം അധ്യാപകന്‍ രാമു മണിവണ്ണന്‍ പറഞ്ഞു. രജനിയുടെ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഡി.എം.കെയെ ദോഷമായി ബാധിക്കുമെന്ന പ്രചാരണം പാര്‍ട്ടി വര്‍ക്കിംഗ് അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നിഷേധിച്ചു. രജനീകാന്തിന് ഡി.എം.കെ രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ടുപോകും.

ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡിഎംഡികെയ്ക്കും ഒരു പതിറ്റാണ്ട് മുന്‍പ് പി.എംകെയ്ക്കും സംഭവിച്ചതു തന്നെയാണ് രജനീകാന്തിനും സംഭവിക്കുകയെന്ന് മുതിര്‍ന്ന പി.എം.കെ നേതാവ് പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പില്‍ 10% വോട്ട് പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ബി.ജെ.പി അനുകൂല നിലപാടുമായി അധികകാലം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.