നാളെ മെഡിക്കല്‍ ബന്ദ്; സര്‍ക്കാര്‍ ഡോക്ടര്‍മാരും പണിമുടക്കും

single-img
1 January 2018

കേന്ദ്ര സര്‍ക്കാരിന്റെ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിനെതിരെ നാളെ ദേശീയ മെഡിക്കല്‍ ബന്ദിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാര്‍ നാളെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്‌കരിച്ചു പ്രതിഷേധ യോഗങ്ങള്‍ ചേരും.

നാളെ സ്വകാര്യ പ്രാക്ടീസും ബഹിഷ്‌കരിക്കും. പൊതുജനങ്ങള്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ എന്താണെന്നു മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്തി മുറിവൈദ്യന്‍മാരെ സൃഷ്ടിക്കാനും അനര്‍ഹരായവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുമുള്ള ശ്രമം തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ (എന്‍എംസി) എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്‌സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

ഇത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ തകിടം മറിക്കുമെന്ന് ഐ.എം.എ ആരോപിച്ചു. നിര്‍ദിഷ്ട എന്‍.എം.സിയിലെ ഭൂരിപക്ഷം അംഗങ്ങളെയും സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാം. ഇതുമൂലം വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്ന ഗതികേടുണ്ടാകുമെന്നും ഐ.എം.എ വ്യക്തമാക്കി.

ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കുക വഴി ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ അപമാനിക്കുക കൂടിയാണ് ചെയ്യുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നയം ജന വിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ചു ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ ബുദ്ധിമുട്ടു കണക്കിലെടുത്താണു പൂര്‍ണ്ണ ബഹിഷ്‌കരണത്തില്‍നിന്നു മാറി ഒപി ബഹിഷ്‌കരണവും സ്വകാര്യ പ്രാക്ടീസ് ബഹിഷ്‌കരണവും മാത്രം നടത്തുന്നതെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി. മധു, ജനറല്‍ സെക്രട്ടറി ഡോ. എ.കെ. റഊഫ് എന്നിവര്‍ പറഞ്ഞു.