സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

single-img
1 January 2018

പെന്‍ഷന്‍ പ്രായ വര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്.

ഒപിയും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ സമരം ഒത്തുതീര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത കെഎംജെഎസി പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനങ്ങളില്‍ നിന്നും നീക്കി.

പുതിയ നേതൃത്വത്തിന്റെ കീഴില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സമരക്കാരുടെ പ്രധാന ആവശ്യമായ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോക്ടര്‍മാരുടെ സമരം തുടങ്ങിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക, സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.