ഡല്‍ഹിയില്‍ കാഴ്ചദൂരം 50 മീറ്റര്‍ വരെ: കനത്ത മൂടല്‍ മഞ്ഞില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി

single-img
1 January 2018

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുകയാണ്. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴ്ന്നതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

വിമാനങ്ങളുടെ വരവിനും പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിച്ചിട്ടുണ്ട്. ചില വിമാനങ്ങള്‍ക്കു മാത്രമാണ് ഇറങ്ങാനായത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രികര്‍ പലരും ഇക്കാര്യം ട്വീറ്റുകളിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വിമാനം റദ്ദാക്കിയതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലെയും ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള 56 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഇരുപതെണ്ണത്തിന്റെ സമയം പുനഃക്രമീകരിച്ചിട്ടുമുണ്ട്.

15 ട്രെയിനുകള്‍ റദ്ദാക്കിയതായും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. യമുന എക്‌സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കനത്ത മഞ്ഞിനെ തുടര്‍ന്നു ഞായറാഴ്ചയും വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നിര്‍ത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ഒട്ടേറെപ്പേരാണ് ഇവിടങ്ങളില്‍ കുടുങ്ങിയത്. 270ല്‍ അധികം വിമാനങ്ങള്‍ താമസിക്കുകയും 50 ഓളം വിമാനങ്ങള്‍ തിരിച്ചുവിടുകയും 35 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. രാവിലെ 7.30 മുതല്‍ 11.05 വരെ ഏകദേശം നാലുമണിക്കൂറോളം ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ച സ്ഥിതിയായിരുന്നു.