ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് പിണറായിയോട് കെ സുരേന്ദ്രന്‍: ‘വിരട്ടാന്‍ ഇത് കോണ്‍ഗ്രസ്സല്ല, ജനുസ്സു വേറെയാണ് സഖാവേ’

single-img
29 December 2017

കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടങ്ങള്‍ മറികടന്ന് പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സുരേന്ദ്രന്‍ രംഗത്തു വന്നത്.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസ്സെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേത്. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എമ്മെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടത്.

ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസ്സല്ലെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലത്. ഇതു ജനുസ്സു വേറെയാണ് സഖാവേ എന്നുമാത്രമേ പറയാനുള്ളൂവെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാടെത്തിയ മോഹന്‍ ഭഗവത് പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹൈസ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു.

ചട്ടമനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. സ്‌കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുമതിയുള്ളത്.

കൂടാതെ പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം ആലപിക്കണമെന്നും ചട്ടമുണ്ട്. എന്നാല്‍ പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരമാണ് ആലപിച്ചത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്.

പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നവംബര്‍ 27ന് ആണ് മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി വൈകുന്നതില്‍ ആരോപണവുമായി കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

സിപിഎം ആര്‍എസ്എസ് ബന്ധമാണ് ഈ മൗനത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണങ്ങള്‍ നിലനില്‍ക്കവെ സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ ലഭിച്ചതോടെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.