പയ്യോളി മനോജ് വധക്കേസില്‍ സിപിഎം നേതാവ് അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

single-img
28 December 2017

പയ്യോളി സ്വദേശി മനോജ് കൊല്ലപ്പെട്ട കേസിൽ സിപിഎം നേതാവ് ഉൾപ്പെടെ ഒൻപതു പേർ അറസ്റ്റിൽ. സിപിഎം മുൻ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

വടകര ക്യാമ്പില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് സി ബി ഐ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. കേരള പോലീസിനെ അറിയിക്കാതെയാണ് സി ബി ഐയുടെ നീക്കം.

2012 ഫെബ്രുവരി പന്ത്രണ്ടിനാണ് സി പി എം- ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ ബി എം എസ് നേതാവായിരുന്ന പയ്യോളി മനോജ് കൊല്ലപ്പെട്ടത്. മനോജിനെ ഒരു സംഘം വീട്ടില്‍കയറി ആക്രമിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയുമായിരുന്നു. ലോക്കല്‍ പോലീസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് പതിന്നാലു പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ ഇവര്‍ പത്രസമ്മേളനം വിളിച്ച് കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് മനോജിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം സി ബി ഐ അന്വേഷണം ഏറ്റെടുക്കുന്നത്.

അതേസമയം, കേസിൽ സിബിഐ അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്ന് സിപിഎം ആരോപിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് പയ്യോളി നഗരപരിധിയിൽ വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.