ഇന്ധനം അടിക്കുമ്പോള്‍ പൈപ്പിന്റെ നീളം കണക്കാക്കി മെഷീനില്‍ നിന്ന് അകറ്റി വേണം വാഹനം നിര്‍ത്താന്‍: പെട്രോള്‍ പമ്പുകളിലെ പലതരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ടത്
മിക്ക പെട്രോള്‍ പമ്പുകളിലും നമ്മള് പറ്റിക്കപ്പെടാറുണ്ട്. പക്ഷേ അത് അധികമാരും ശ്രദ്ധിക്കാറില്ല. എന്നാല്‍ കുറച്ചൊന്ന് ശ്രദ്ധിച്ചാല്‍ ഇവരുടെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാം.
ഇന്ധനം അടിക്കാന്‍ ഒരു പമ്പില്‍ കയറുമ്പോള്‍ ഒരു കാരണവശാലും മെഷീനിന്റെ അടുത്ത് വാഹനം നിര്‍ത്തരുത്. മെഷീനിന്റെ അടുത്ത് വാഹനം നിര്‍ത്തിയാല്‍ ഇന്ധനം അടിക്കുന്ന പൈപ്പ് വളഞ്ഞ് കിടക്കുകയും നമ്മള് നല്കുന്ന പണത്തിനുള്ള ഇന്ധനം പൂര്‍ണമായും ടാങ്കില്‍ വീഴുകയുമില്ല.
വളഞ്ഞ് കിടക്കുന്ന പൈപ്പിന്റ ഭാഗത്തായി ഇന്ധനം കെട്ടിക്കിടക്കും. അതുകൊണ്ടുതന്നെ കൃത്യമല്ലെങ്കില്‍ കൂടി, ഏകദേശം പൈപ്പിന്റെ നീളം കണക്കാക്കി മെഷീനില്‍ നിന്ന് അകറ്റി വേണം വാഹനം നിര്‍ത്താന്‍. ഇതോടൊപ്പം ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്തുമാറ്റാന്‍ അനുവദിക്കരുത്.
കാരണം നിങ്ങള്‍ നല്കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കുന്നുണ്ടാകും. അവസാന തുള്ളിയും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയ ശേഷം വേണം നോസില്‍ പുറത്തെടുക്കാന്‍. മിക്ക പെട്രോള്‍ പമ്പിലെ ജീവനക്കാരും ഇത്തരം തട്ടിപ്പുകല്‍ നടത്താറുണ്ട്.
ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 115, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക. റൗണ്ട് ഫിഗറുകള് മിക്കവാറും പമ്പുകളില്‍ സെറ്റ് ചെയ്തിട്ടുണ്ടാകും. കറന്‍സി നോട്ട് നല്‍കുന്നതിലും കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടാണ് ഉചിതം.
കാരണം, കാര്‍ഡ് ഉപയോഗിച്ചാണെങ്കില് 502, 999, 207 പോലുള്ള തുകകളില്‍ കൃത്യമായി ഇടപാട് നടത്താന്‍ കഴിയും. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ മെഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കുക.
ഒരു ജീവനക്കാരന് ഇന്ധനം നിറയ്ക്കുമ്പോള്‍ മറ്റൊരാള്‍ നിങ്ങളുടെ ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്. പെട്രോള്‍ പമ്പിലെ മെഷീന് റീസെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. മെഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആയിരിക്കണം.