ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി മുഖ്യമന്ത്രി

single-img
24 December 2017

 

ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി ജയറാം താക്കൂറിനെ തെരഞ്ഞെടുത്തു. സംസ്ഥാനത്ത് ഭരണം പിടിച്ചെടുത്തെങ്കിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണായകമായത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണു പകരം മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തത്. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് താക്കൂര്‍. ഹിമാചല്‍പ്രദേശിലെ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്ന താക്കൂര്‍ അഞ്ച് തവണ എംഎല്‍എയായിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധുമലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു പക്ഷവും പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറുപക്ഷവും ആവശ്യപ്പെട്ടതോടെ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ ധൂമലിനുണ്ടെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

സംസ്ഥാനത്ത് ബി.ജെ.പി നേടിയ വിജയത്തിന്റെ ക്രെഡിറ്റ് ധൂമലിനാണെന്നും ഇക്കൂട്ടര്‍ വാദിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇനിയൊരു ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലായിരുന്നു ആര്‍.എസ്.എസും ബി.ജെ.പി കേന്ദ്രനേതൃത്വവും. അഞ്ച് വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപി ഹിമാചലില്‍ അധികാരം പിടിച്ചെടുത്തത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഹിമാചലില്‍ ബിജെപി അധികാരത്തില്‍ എത്തിയിരിക്കുന്നത്. കടുത്ത ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമലിന്റെ പരാജയം പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.