തന്റെ കുഞ്ഞല്ലെന്ന് സംശയം: പിതാവ് രണ്ട് വയസുകാരിയെ തല്ലിക്കൊന്നു

single-img
24 December 2017

ഭാര്യയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന സംശയത്തെ തുടര്‍ന്ന് പിതാവ് രണ്ട് വയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചണ്ഡീഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ സിക്കന്ദര്‍ സിങ്ങാണ് കൊലപാതകി. ഭാര്യക്ക് മറ്റൊരു ബന്ധത്തിലുണ്ടായതാണെന്ന സംശയത്തെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സിക്കന്ദര്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തി.

കുഞ്ഞ് ജനിച്ചതിനു പിറകെ ഇയാള്‍ ഭാര്യ ജസ്ബിര്‍ കൗറിനെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബിര്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജസ്ബിറുമായി പിരിഞ്ഞതിന് ശേഷം അവരുടെ സഹോദരി ജസ്വീന്ദറിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു സിക്കന്ദര്‍ താമസിച്ചിരുന്നത്.

ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു രണ്ടുവയസ്സുകാരിയായ കുഞ്ഞും കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച രാത്രി ജസ്വീന്ദര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവരുടെ രണ്ട് മക്കളെയും സിനിമക്ക് അയച്ച ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അതിനു ശേഷം സിക്കന്ദര്‍ ഒളിവില്‍ പോയി. സിനിമ കഴിഞ്ഞെത്തിയ കുട്ടികള്‍ കുഞ്ഞ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഇവരുടെ നിലവിളി കേട്ട് എത്തിയ അയല്‍ വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സിക്കന്ദറിനെ പിടികൂടുകയായിരുന്നു.