മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന് കത്തോലിക്ക സഭ;മോദി സർക്കാരിൽ വിശ്വാസം നഷ്ടമായി

single-img
22 December 2017

തിരുവനന്തപുരം: മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന് കത്തോലിക്ക സഭ. ക്രൈസ്തവ സമൂഹത്തിന് മോദി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നും സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനു’ നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിനെതിരെ സഭാ നേതൃത്വം പരസ്യമായി നിലപാട് സ്വീകരിക്കുന്നത്.

ക്രൈസ്തവ പുരോഹിതരും സത്‌നയിലെ സെമിനാരികളും ആക്രമിക്കപ്പെടുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പാവങ്ങളും നിഷ്‌കളങ്കരുമായി വിശ്വാസികളെ അറസ്റ്റു ചെയ്യുകയുമാണ്. ഈ സര്‍ക്കാരില്‍ സമൂഹത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ ഒന്നും ചെയ്യുന്നില്ല. ഈ സര്‍ക്കാരില്‍ സഭാ സമൂഹത്തിന് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ക്ലിമീസ് ബാവ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സത്‌നയില്‍ കഴിഞ്ഞ ആഴ്ചയാണ് 30 ഓളം വരുന്ന വൈദികരേയും സെമിനാരി വിദ്യാര്‍ത്ഥികളെയും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്തുമസ് കരോള്‍ നടത്തിയതിന്റെ പേരില്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത്. കരോള്‍ പരിപാടി മതപരിവര്‍ത്തനമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൈദികരെയും വിദ്യാര്‍ത്ഥികളെും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഒരു വൈദികനെ പോലീസ് അറസ്റ്റും ചെയ്തു.