ഡൽഹിയിലെ ആശ്രമത്തിൽ നൂറുകണക്കിനു സ്ത്രീകൾ മൃഗസമാനമായ തടങ്കലിൽ: സി ബി ഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്

single-img
21 December 2017

ഡൽഹിയിലെ ആശ്രമത്തിൽ നൂറുകണക്ക്കിനു സ്ത്രീകളേയും പെൺകുട്ടികളേയും മൃഗങ്ങളേപ്പോലെ തടവിലിട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തിയ സാഹചര്യത്തിൽ സി ബി ഐ അന്വേഷണത്തിനുത്തരവിട്ടു ഡൽഹി ഹൈക്കോടതി.

നോർത്ത്-വെസ്റ്റ് ഡൽഹിയിലെ രോഹിണിയിലുള്ള ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആത്മീയ വിദ്യാഭ്യാസ സ്ഥാപനത്തിലാണു ഇന്നലെ ഡൽഹി പോലീസ് റെയിഡ് നടത്തിയതു. ഈ സ്ഥാപനത്തിൽ പതിന്നാലിലധികം വർഷങ്ങളായി യുവതികളെ തടങ്കലിൽ വെച്ചിരിക്കുന്നതായും ലൈംഗികപീഡനങ്ങൾ നടക്കുന്നതായും ആരോപിച്ച് ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് എന്ന എൻ ജി ഓ രംഗത്തെത്തിയതിനെത്തുടർന്നാണു റെയിഡ് നടന്നത്.

ഈ ആശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ ഒരു പെൺകുട്ടിയെ  എൻ ജി ഓയുടെ പ്രവർത്തകർ കോടതിയിൽ ഹാജരാക്കി. താൻ ആ ആശ്രമത്തിൽ ആയിരുന്ന കാലത്ത് പലതവണ ലൈംഗികപീഡനത്തിനിരയായിട്ടുണ്ടെന്ന് ഈ പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി.

നിരവധി പെൺകുട്ടികൾ ഈ ആശ്രമത്തിനുള്ളിൽ വെച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെയും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എൻ ജി ഓ പ്രവർത്തകർ കോടതിയിൽ ആരോപിച്ചു.

ഡൽഹി പോലീസിന്റെ രോഹിണി ഡപ്യൂട്ടി കമ്മീഷണർ രജനീഷ് ഗുപ്തയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന റെയിഡ് രാത്രിവരെ നീണ്ടു നിന്നു. ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളും ഒരു കൂട്ടം അഭിഭാഷകരും പോലീസിനെ അനുഗമിച്ചിരുന്നു.

ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ്  ആണു ഈ വിഷയം അന്വേഷിച്ച് പുറത്തുകൊണ്ടുവന്നത്. ഇവർ നൽകിയ പൊതുതാൽപ്പര്യ ഹർജ്ജിയിന്മേലാണു ഡൽഹി ഹൈക്കോടതി അന്വേഷണത്തിനുത്തരവിട്ടത്. സ്വാതി മലിവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ആശ്രമത്തിലേയ്ക്കയച്ചത് കോടതിയാണു. ഈ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്മേലാണു ചീഫ് ജസ്റ്റിസ് ഗീത മിട്ടലും ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് സി ബി ഐ അന്വേഷണത്തിനുത്തരവിട്ടത്.

റെയിഡിനെത്തിയ തങ്ങളെ ആശ്രമം അധികൃതർ ആക്രമിക്കുകയും ഒരുമണിക്കൂറോളം തടങ്കലിൽ വെയ്ക്കുകയും ചെയ്തതായി സ്വാതി മലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുമണിക്കൂർ കഴിഞ്ഞിട്ടാണു അന്തേവാസികളായ പെൺകുട്ടികളെ തങ്ങൾക്ക് കാണുവാനെങ്കിലും കഴിഞ്ഞതെന്നും അവർ പറഞ്ഞു. അന്തേവാസികളിൽ കൂടുതൽ പേരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണു.

ഹരിയാനയിലെ ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിലുള്ളതിനു സമാനമായ സാഹചര്യങ്ങളാണു ആദ്ധ്യാത്മിക് വിശ്വ വിദ്യാലയയിലുള്ളതെന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വായിച്ച കോടതി നിരീക്ഷിച്ചു.

ഒരു സംഘം ഡോക്ടർമാരെ ആശ്രമത്തിലേയ്ക്കയച്ച് അന്തേവാസികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡൽഹി സർക്കാരിന്റെ ആരോഗ്യ വകുപ്പിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.