ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വിട: കൈകൊടുത്ത് മോദിയും മന്‍മോഹന്‍ സിങ്ങും

single-img
13 December 2017

ന്യൂഡല്‍ഹി: 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിന് പുറത്തുവെച്ച് ഇരുവരും പഴയകാല സുഹൃത്തിനെ കാണുന്നത് പോലെ കൈകള്‍ ചേര്‍ത്തുപിടിച്ച് സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. പ്രധാനമന്ത്രിയാണ് ആദ്യം മന്‍മോഹനു നേര്‍ക്ക് കൈകൂപ്പിയത്. ശേഷം മന്‍മോഹന്‍ സിങ്ങും തിരിച്ച് അഭിവാദ്യം ചെയ്തു. ഹസ്തദാനം ചെയ്തശേഷമാണ് ഇരുവരും പിരിഞ്ഞത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തുന്നുവെന്നും മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത അത്താഴവിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. അതേസമയം പാകിസ്ഥാന്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമ്പോള്‍ വിളിക്കാത്ത കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ബിജെപി നേതാവ് പോയത് എന്തിനെന്നായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ മറുചോദ്യം.

നേരത്തെ മോദിയുടെ ചില പ്രസ്താവനകള്‍ക്കെതിരെ, കള്ളം പറയുന്നതിനും കപടവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു. മോദിയുടെ ഓഫീസില്‍ നിന്ന് പ്രതീക്ഷിക്കുന്ന പക്വതയും ആകര്‍ഷകത്വവും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഭരണഘടനാപരമായ ഓഫീസുകളും കളങ്കപ്പെടുത്താനുള്ള തന്റെ തീക്ഷ്ണമായ താല്പര്യത്താല്‍ അദ്ദേഹം ഒരു അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നുവെന്നും മന്‍മോഹന്‍ സിങ്ങ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അക്രമണങ്ങളുടെ സ്മരണ പുതുക്കുമ്പാള്‍ ഈ പോര്‍വിളികള്‍ ഇരുവരും മാറ്റിവെക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ബിജെപി നേതാക്കളുമായി സൗഹൃദം പങ്കിട്ടു. രവിശങ്കര്‍ പ്രസാദ്, സുഷമ സ്വരാജ് തുടങ്ങിയവരും അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.