‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു’; മുന്‍ കാമുകന്റെ ലീലാവിലാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പാര്‍വതി

single-img
12 December 2017

Open Forum- Third Day @ IFFK 2017

Open Forum- Third Day @ IFFK 2017#IFFK2017 #filmfestival #openforum

Posted by Mathrubhumi on Sunday, December 10, 2017

തന്റെ ജീവിതത്തിലെ പ്രണയ ദുരന്തത്തെ പറ്റി തുറന്ന് പറഞ്ഞ് നടി പാര്‍വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകള്‍ കാരണമാണ് മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതെന്ന് പാര്‍വതി വ്യക്തമാക്കി.

സിനിമയില്‍ സ്ത്രീകളുടെ കാഴ്ച്ചപ്പാടിനെക്കുറിച്ച് പറയുന്നില്ലെന്നും എല്ലാ സിനിമകളിലും ഞാന്‍ കണ്ടിരുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്‍മാരുടെ കാഴ്ച്ചപ്പാടാണെന്നും പാര്‍വതി പറഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിച്ചതും എന്നെ അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്.

എന്നാല്‍, ഒരു സിനിമയിലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷന്‍ എന്തെന്ന് കാണിച്ചിട്ടില്ല. ഇതുകൊണ്ടാണ് തന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ താന്‍ നിര്‍ബന്ധിതയായത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്.

കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്‌നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുമെന്നും പാര്‍വതി പറഞ്ഞു. സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്തെന്ന് തിരിച്ചറിഞ്ഞത്.

അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്ന് മനസിലാക്കിയത്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹരമായ വീക്ഷണം ഞാന്‍ കണ്ടിട്ടില്ല.

മലയാള സിനിമയില്‍ പ്രത്യേകിച്ചും. എന്നാല്‍ കൗമരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണെന്നും പാര്‍വതി വ്യക്തമാക്കി. എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണ്. സാമൂഹ്യമായും സാമ്പത്തികമായുമുള്ള മാറ്റം സിനിമയില്‍ വരണം. അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴാണെന്നും ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയിലുള്ള ചിത്രീകരണം കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.