കശ്മീരിലെ പെല്ലറ്റ് ഇരകളെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാൻ ശ്രമിച്ച ഫ്രഞ്ച് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

single-img
11 December 2017

കശ്മീരിൽ പെല്ലറ്റ് ആക്രമണത്തിനിരയായവരെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാൻ ശ്രമിച്ച ഫ്രഞ്ച് മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വിസാ നിയമം ലംഘിച്ചതിനാണു ഫ്രഞ്ചുകാരനായ കൊമീതി പോൾ എഡ്വാർഡിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

ശ്രീനഗറിലെ കോഥിബാഗിൽ നിന്നും ഞായറാഴ്ച്ച വൈകുന്നേരമാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കശ്മീരിൽ പെല്ലറ്റ് ആക്രമണത്തിനിരയായവരെക്കുറിച്ചു ഡോക്യുമെന്ററിയെടുക്കുന്നതിന്റെ ഭാഗമായി അവരെ സന്ദർശിക്കുകയും വിഘടനവാദി നേതാവായ മിർവായിസ് ഉമർ ഫറൂക്കിനെ കാണുകയും ചെയ്തതിനെത്തുടർന്നാണു ഏഡ്വാർഡിനെ അറസ്റ്റ് ചെയ്തത്.

എഡ്വാർഡിന്റേത് ബിസിനസ് വിസയായിരുന്നുവെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയ സംബന്ധിയായതോ രാജ്യസുരക്ഷയെ സംബന്ധിക്കുന്നതോ ആയ ഡോക്യുമെന്ററി ചിത്രീകരിക്കുവാൻ അദ്ദേഹത്തിനു വിലക്കുണ്ടെന്നും പോലീസ് സൂപ്രണ്ട് ഇംതിയാസ് ഇസ്മായിൽ പരെ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

എഡ്വാർഡിന്റെ പ്രവർത്തങ്ങളെപ്പറ്റി അന്വേഷിക്കാൻ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായില്ലെന്നും അതിനാലാണു അറസ്റ്റ് ചെയ്തതെന്നുമാണു പോലീസിന്റെ വിശദീകരണം.

പാസ്പ്പോർട്ട് ആക്ട് പ്രകാരം ഇദ്ദേഹത്തിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. ഫ്രഞ്ച് എംബസ്സിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.