ഇന്ത്യക്കാരുടെ ക്ഷമ പരീക്ഷിച്ച് ലങ്കന്‍ താരങ്ങള്‍: ഡിസില്‍വയ്ക്ക് സെഞ്ചുറി

single-img
6 December 2017

ന്യൂഡല്‍ഹി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിലേക്ക് ഇനി അഞ്ച് വിക്കറ്റിന്റെ ദൂരം മാത്രം. പക്ഷേ ധനഞ്ജയ ഡിസില്‍വയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരം സമനിലയിലാക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക ബാറ്റുവീശുന്നത്.

188 പന്തുകളിലാണ് ധനഞ്ജയ സെഞ്ചുറി നേടിയത്. എന്നാല്‍ കളിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ധനഞ്ജയ സില്‍വ മടങ്ങിയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. 219 പന്തില്‍ 119 റണ്‍സെടുത്താണ് ധനഞ്ജയയുടെ മടക്കം. ടെസ്റ്റിലെ തുടക്കക്കാരനായ റോഷന്‍ സില്‍വ(78 പന്തില്‍ 38) നിറോഷന്‍ ഡികവെല്ല(16 പന്തില്‍ 11)യുമാണ് ക്രീസില്‍.

അവസാന ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച ആഞ്ചലോ മാത്യൂസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ രഹാനെ ക്യാച്ചെടുത്താണ് പുറത്താക്കിയത്.

തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ഇന്ത്യ, ആ സ്വപ്നസാഫല്യത്തിനു കയ്യെത്തും ദൂരെയാണ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടിയ ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സിനിടെ ശ്രീലങ്കയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ഇന്ന് അധികം വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ (91 പന്തില്‍ 67) ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (58 പന്തില്‍ 50), രോഹിത് ശര്‍മ (49 പന്തില്‍ പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത്.

ചേതേശ്വര്‍ പൂജാര 66 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 12 പന്തില്‍ ഒന്‍പതു റണ്‍സുമായി മടങ്ങിയപ്പോള്‍, അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. 37 പന്തില്‍ 10 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജ നാലു റണ്‍സോടെ പുറത്താകാതെ നിന്നു.