ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കടത്തിവെട്ടി: റിലീസ് ചെയ്യാത്ത സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച സിനിമാ മാസിക പുലിവാല് പിടിച്ചു

single-img
5 December 2017

റിലീസ് ചെയ്യാത്ത സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ ഒരു സിനിമാ മാസിക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്ന സിനിമയുടെ നിരൂപണമാണ് ഈ സിനിമ മാസിക പ്രസിദ്ധീകരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത ആഴ്ച്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതൊന്നും അറിയാതെയാണ് മാസിക ഈ.മ.യൗവിന്റെ റിവ്യു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നഗര പ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ ചിത്രത്തിനായില്ലന്നാണ് മാസിക നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം രണ്ടാം ദിവസം മുതല്‍ കളക്ഷന്‍ കൂടി വരികയാണെന്നും തെക്കന്‍ കേരളത്തിലെ മഴ സിനിമയുടെ കളക്ഷന് ദോഷകരമായി ബാധിച്ചെന്നുമെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംഭവം പുറത്തു വന്നതോടെ അപ്പോള്‍ ഇങ്ങനെയാണല്ലേ നിരൂപണം എഴുതുന്നതെന്ന പരിഹാസവുമായ സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കാണാതെ റിവ്യു എഴുതുന്നുവെന്ന ആരോപണത്തിന്റെ തെളിവായി ഇതുമാറിയെന്നാണ് വായനക്കാരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ബുധനാഴ്ച്ച ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിട്ടാണ് റിവ്യു എഴുതിയതെന്ന് വാദിക്കാമെങ്കിലും ഇനീഷ്യല്‍ കളക്ഷനും സെക്കന്‍ഡ് ഡേ കളക്ഷനും എങ്ങനെ ഉള്‍പ്പെടുത്തിയെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. എന്നാല്‍ സിനിമ കാണാതെ റിവ്യു എഴുതുന്നുവെന്ന ആരോപണം പലപ്പോഴും നേരിടേണ്ടി വരുന്നത് ഓണ്‍ലൈന്‍ മീഡിയകളാണ്. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കടത്തിവെട്ടുന്ന രീതിയിലാണ് ഈ മാസികയുടെ റിപ്പോര്‍ട്ടെന്നാണ് ചിലരുടെ അഭിപ്രായം.