ബാബരി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

single-img
5 December 2017

ബാബരി കേസില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 8ന് സുപ്രീംകോടതിയില്‍ വാദം തുടരും. വാദം നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേസില്‍ വാദം കേള്‍ക്കാവു എന്നായിരുന്നു ഇന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടത്.

കപില്‍ സിബലാണ് വഖഫ് ബോര്‍ഡിനായി സുപ്രീം കോടതിയില്‍ ഹാജരായത്. ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കുന്നതാണ് കേസെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ വാദം കേള്‍ക്കാവൂ എന്നും കപില്‍ സിബല്‍ വാദിച്ചു.

കേസ് ഡിസംബറില്‍ കേള്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇതില്‍ പ്രധാനമന്ത്രിക്ക് അടിയന്തരമായി പരിഹാരം കാണാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കത്തെഴുതിയിരുന്നെന്നും ഇത് ഈ വിഷയത്തിലുള്ള ബാഹ്യ ഇടപെടല്‍ വ്യക്തമാക്കുന്നതായും സിബല്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ കേസ് 2019 ജൂലൈ 31 മുതല്‍ കേള്‍ക്കണമെന്നും കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ കോടതി തള്ളി. നിലവിലെ ചീഫ് ജസ്റ്റിസിന്റെ കാലയളവില്‍ കേസിന്റെ വാദം പൂര്‍ത്തായാകില്ലെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ രാഷ്ട്രീയം കാണരുതെന്നും നിയമപരമായി വേണം കാണേണ്ടതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളുടെ വാദം കേട്ടശേഷമാണ് കേസില്‍ ഫെബ്രുവരി എട്ടുമുതല്‍ അന്തിമവാദം ആരംഭിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.

അയോധ്യയിലെ രണ്ടര ഏക്കര്‍ എഴുപത്തി ഏഴ് സെന്‍് വരുന്ന തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.