‘ഓഖി’ മഹാരാഷ്ട്ര തീരത്തേക്ക്; കേരളത്തിലും ജാഗ്രതാ നിര്‍ദേശം; 11 പേരെ കൂടി രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധമന്ത്രി

single-img
4 December 2017

കരുത്താര്‍ജിച്ച് ‘ഓഖി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു.

കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കേരളതീരത്ത് ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ഓഖി ചുഴലിക്കാറ്റ് വഴിമാറിയിട്ടും കടലും തീരവും അശാന്തമായി തുടരുകയാണ്. കടല്‍ക്ഷോഭത്തിന് ആശ്വാസമുണ്ടെങ്കിലം പൂര്‍ണമായും കടല്‍ ശാന്തമായിട്ടില്ല. രാവിലെയോടെ 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി.

നാവികസേന രക്ഷപ്പെടുത്തിയ ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. 84 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതീരാമന്‍ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അവസാന ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഓപ്പറേഷന്‍ സെനര്‍ജി അഞ്ചാം നാളിലേക്ക് കടക്കുമ്പോഴും തീരത്ത് ആശങ്ക വിട്ടൊഴിയുന്നില്ല.

മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു. കാറ്റും പ്രതികൂല കലാസവസ്ഥയും മൂലം എണ്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നുവരെ മത്സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടെത്തി.

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ദുരന്തബാധിത പ്രദേശമായ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു.