വിരാട് കോഹ്ലി വീണ്ടും റെക്കോഡിട്ടു: അതിവേഗത്തില്‍ 5,000 റണ്‍സ്

single-img
2 December 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോഡ് കൂടി. ടെസ്റ്റില്‍ 5,000 റണ്‍സ് എന്ന നേട്ടമാണ് കോഹ്ലി പിന്നിട്ടത്. 105ാം ഇന്നിങ്‌സില്‍ ഈ നേട്ടം പിന്നിട്ട കോഹ്‌ലി, അതിവേഗം 5,000 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ഗാവസ്‌കര്‍ (95), വീരേന്ദര്‍ സേവാഗ് (99), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (103) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കു മുന്നില്‍.

കോഹ്‌ലിയുടെ 15ാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. അതിനിടെ ശ്രീലങ്കക്കെതിരെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 65 പന്തുകള്‍ നേരിട്ട കോഹ്‌ലി 12 ബൗണ്ടറികളോടെ 64 റണ്‍സെടുത്ത് ക്രീസിലുണ്ട്. അതേസമയം തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡില്‍ കണ്ണുനട്ടാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര ഇറങ്ങുന്നത്.

2005-2008 കാലയളവില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയ വിജയപരമ്പരകളുടെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്താണ്. കടുപ്പമുള്ള വിദേശ ടെസ്റ്റുകള്‍ക്കു മുന്‍പ് ടീം ഇന്ത്യയ്ക്കു കിട്ടുന്ന അവസാന ഹോം ടെസ്റ്റാണിത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നു ടെസ്റ്റുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നു. 2018ല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളും കളിക്കാനുമുണ്ട്.