ഡിജിപി ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

single-img
1 December 2017

കൊച്ചി: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.

തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്. സെന്‍കുമാറിനെതിയുള്ള കേസുകളില്‍ സര്‍ക്കാരിനുള്ള ഉത്സാഹത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മറ്റു കേസുകളെ സര്‍ക്കാര്‍ ഇത്ര ഉത്സാഹത്തോടെ എന്ത് കൊണ്ട് കൈകാര്യം ചെയ്യുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.

അവധിക്കാലത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുവാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയാണ് സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.