കിം ജോങ് നാമിന്റെ കൈവശം വിഷത്തിനു മറുമരുന്ന് ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

single-img
1 December 2017

ക്വാലംലപൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൊല്ലപ്പെട്ട അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൈവശം വിഷത്തിനു മറുമരുന്ന് ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. മരണ സമയത്ത് നാമിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് വിഷത്തെ അധിജീവിക്കാനുള്ള മറുമരുന്നു കണ്ടെത്തിയത്. നാമിന്റെ ബാഗില്‍ നിന്ന് 12 ഡോസ് അട്രൊപിന്‍ എന്ന വിഷസംഹാരി കണ്ടെത്തിയിരുന്നതായി പ്രതിഭാഗം കോടതിയില്‍ വെളിപ്പെടുത്തി.

പ്രകൃതിദത്തമായ ഒരു ബെല്ലഡോണ അല്‍ക്കലോയിഡാണ് ആട്രോപിന്‍. ഓര്‍ഗാനോ ഫോസ്‌ഫേറ്റ് കീടനാശിനികള്‍ വളിയോ ഉണ്ടാകുന്ന വിഷബാധകള്‍ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്ന ഒരു ജീവന്‍രക്ഷാഔഷധമാണിത്. ഹൃദയമിടിപ്പ് കുറയുന്നതു തടയാനും ശസ്ത്രക്രിയയ്ക്കിടെ ഉമിനീരിന്റെ ഒഴുക്ക് കുറയ്ക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 13 നാണ് ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വച്ച് രണ്ടു യുവതികള്‍ ചേര്‍ന്ന് നാമിനെ കൊലപ്പെടുത്തിയത്. നിരോധിത രാസമരുന്നായ വിഎക്‌സ് ഉപയോഗിച്ചാണ് ഇവര്‍ നാമിനെ കൊലപ്പെടുത്തിയത്.

അതേസമയം മക്കാവുവില്‍ പ്രവാസത്തില്‍ കഴിഞ്ഞിരുന്ന നാം ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായിരുന്നു. ഇതേത്തുടര്‍ന്ന് നാമിനെ വധിക്കാന്‍ ഉത്തര കൊറിയ പദ്ധതിയിട്ടിരുന്നതായി ദക്ഷിണ കൊറിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നാമിന്റെ മൃതദേഹവും കൊലപാതകവുമായി ബന്ധപ്പെട്ടു സംശയിക്കുന്നവരെയും ഉത്തര കൊറിയയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി മലേഷ്യയ്ക്കു വിട്ടുകൊടുക്കേണ്ടി വന്നിരുന്നു.

എംബസിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. ഉത്തരകൊറിയയില്‍ എത്തിയ ഒന്‍പതു മലേഷ്യക്കാരെ രാജ്യം വിടാന്‍ അനുവദിക്കാതിരുന്നതോടെയാണു മല്യേഷയ്ക്കു മൃതദേഹവും ഒളിച്ചിരുന്നവരെയും വിട്ടുകൊടുക്കേണ്ടി വന്നത്. കിം ജോങ് നാമിന്റെ കൊലപാതകത്തിനു പിന്നില്‍ തങ്ങളാണെന്ന ആരോപണം ഉത്തര കൊറിയ നിഷേധിച്ചിട്ടുണ്ട്. കേസില്‍ കോടതി ഇനി ജനുവരി 22നു വാദം കേള്‍ക്കും.