പാക് ഭീകരന്‍ ഹഫീസ് സയീദിനെ ഏറെ ഇഷ്ടപ്പെടുന്നു; ഇന്ത്യയ്‌ക്കെതിരെ ലഷ്‌കറിനെ ഉപയോഗിച്ചിരുന്നു: മുഷറഫിന്റെ വെളിപ്പെടുത്തല്‍…

single-img
29 November 2017

ഇസ്ലാമാബാദ്: കശ്മീര്‍ താഴ്വരയില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്. കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തെ അടിച്ചമര്‍ത്തുന്നതിന് ലഷ്‌കര്‍ ഇ ത്വയ്ബയെ താന്‍ പിന്തുണച്ചിരുന്നു, ഹാഫിസ് സയീദിന്റേയും അദ്ദേഹത്തിന്റെ സംഘടനയേയും എപ്പോഴും പിന്തുണക്കുന്നയാളാണ് താനെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു.

പാക്കിസ്ഥാന്‍ വാര്‍ത്താ ചാനലായ എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹാഫിസ് സയീദിനേയും അദ്ദേഹത്തിന്റെ സംഘടനയേയും പിന്തുണച്ച് പര്‍വേസ് മുഷറഫ് രംഗത്തെത്തിയത്. ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കും ജമാഅത്തുദ്ദഅവയ്ക്കും തന്നോടു താല്‍പര്യമുണ്ട്. സയീദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. കശ്മീരില്‍ ലഷ്‌കര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മുഷറഫ് തുറന്നുസമ്മതിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണു കശ്മീര്‍. അവിടെ നടപടികളെടുക്കുന്നതില്‍ തനിക്കു താല്‍പര്യമുണ്ട്. ലഷ്‌കര്‍ വളരെ ശക്തരാണ്. യുഎസുമായി ചേര്‍ന്ന് അവരെ ഭീകരരായി മുദ്രകുത്തുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തലയ്ക്ക് 64 കോടി രൂപ ഇനാം പ്രഖ്യാപിച്ചു സയീദിനെ ഭീകരനായി യുഎസ് മുദ്രകുത്തി. പക്ഷേ, സയീദ് ആക്രമണത്തിലുള്‍പ്പെട്ടിരുന്നില്ല. സൂത്രധാരനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചതാണെന്നും മുഷറഫ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ സയീദിനെ അനുകൂലിച്ച് രംഗത്തെത്തിയ മുഷറഫ്, 2002ല്‍ അധികാരത്തിലിരുന്ന സമയത്ത് പാക്കിസ്ഥാനില്‍ ലഷ്‌കറിനെ നിരോധിച്ചിരുന്നു.

സയീദിനു പിന്തുണയുമായി മുന്‍പും മുഷറഫ് രംഗത്തെത്തിയിരുന്നു. ജമാഅത്തുദ്ദഅവ പാക്ക് താലിബാനെതിരാണ്. പാക്കിസ്ഥാനിലോ മറ്റു സ്ഥലങ്ങളിലോ അവര്‍ യാതൊരു തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനവും നടത്തിയിട്ടില്ല. അതിനാല്‍ ഇവ വ്യത്യസ്തമായി പരിഗണിക്കണം. ജമാഅത്തുദ്ദവയേയും ഹാഫിസ് സയീദിനെയും ബഹുമാനിക്കണമോയെന്ന പോലെ ഭീകരവാദത്തെക്കുറിച്ചും ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ് മുഷറഫ് പറഞ്ഞു.

മുഷാറഫിന്റെ വെളിപ്പെടുത്തല്‍ തീവ്രവാദ സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമാണെന്ന ആരോപണത്തെ ശരി വെയ്ക്കുന്നതാണ്. ഒരു രാജ്യത്തെ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും സുരക്ഷിതത്വം നല്‍കുമ്‌ബോള്‍ സയീദിനെ പോലെയുള്ളവര്‍ പാക്കിസ്ഥാന് വന്‍ ബാദ്ധ്യതയാണെന്ന് സെപ്തംബറില്‍ പാക് മന്ത്രി ഖ്വാജ ആസിഫിനെ പോലെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ ഭീകരത കയറ്റി അയയ്ക്കുകയാണെന്നും സയീദ് ഉള്‍പ്പെടെയുള്ളവര്‍ക്കും താലിബാനും അഭയമാണെന്നും വിദഗ്ദ്ധരും ആരോപിക്കുന്നുണ്ട്.