താന്‍ മന്ത്രിയാണെന്ന് കണ്ണന്താനം: പാസ് കാണിച്ചിട്ട് കേറിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍: സ്വന്തം കാറോടിച്ച് ഷൈന്‍ ചെയ്ത് ഓഫീസിലേക്കെത്തിയ കേന്ദ്രമന്ത്രി പുലിവാല്‍ പിടിച്ചു

single-img
28 November 2017

ന്യൂഡല്‍ഹി: സ്വന്തം കാര്‍ ഓടിച്ച് പാര്‍ലമെന്റ് ഹൗസിന് സമീപത്തെ ട്രാന്‍സ്‌പോര്‍ട് ഭവനിലെ ഓഫീസിലേക്ക് എത്തിയ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയുടെ കാറില്‍ ഔദ്യോഗിക സ്റ്റിക്കറുകള്‍ ഇല്ലാതിരുന്നതാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്.

കാറോടിച്ചെത്തിയ മന്ത്രിയെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പിന്നീട്, ആരാണെന്ന് ഉദ്യോഗസ്ഥര്‍ തിരക്കുകയും ചെയ്തു. പാസുണ്ടെങ്കില്‍ മാത്രമേ പ്രവേശിക്കാനാകൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതിനിടെ വിവരമറിഞ്ഞ് മറ്റ് ഉദ്യോഗസ്ഥര്‍ എത്തി മന്ത്രിയെ അകത്തേക്ക് കടത്തി വിടുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമാക്കാതെ ഉദ്യോഗസ്ഥര്‍ കാണിച്ച ജാഗ്രതയെ കണ്ണന്താനം അഭിനന്ദിച്ചു.

അതേസമയം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ച് ഉത്തരവായി. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.

മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയയി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു. എന്നാല്‍, പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതാണ് നിയമനം വൈകിച്ചത്.

കോഴിക്കോട് കളക്ടറായിരിക്കെ എം.കെ രാഘവന്‍ എം.പിയുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്നാണ് ചുമതലയില്‍ നിന്ന് മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും പ്രശാന്ത് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.