ഷെഫീനെ കണ്ടുമുട്ടുന്നതിന് മുമ്പുതന്നെ അഖില മതം മാറി ഹാദിയയായി: ലൗ ജിഹാദെന്ന് വിളിക്കുന്നവര്‍ക്ക് വിമര്‍ശകരുടെ മറുപടി ഇങ്ങനെ

single-img
28 November 2017

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ ഭര്‍ത്താവിന്റെയും പിതാവിന്റെയും സംരക്ഷണയില്‍ നിന്നും മാറ്റി ഹാദിയയെ പഠിക്കാനയച്ചായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ ഇതിനു പിന്നാലെ കേസില്‍ ലൗജിഹാദ് പരാമര്‍ശം വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയായി മാറുകയാണ്.

കേസ് ലൗജിഹാദിന്റെ പരിധിയില്‍ പെടുത്തി എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഹാദിയയുടെ കേസ് ലൗജിഹാദല്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. മുസ്ലീം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയിച്ച് മതപരിവര്‍ത്തനം നടത്തുന്ന ലൗ ജിഹാദിന്റെ രീതികളൊന്നും തന്നെ ഹാദിയയുടെ കേസില്‍ നടന്നിട്ടെല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

ഹാദിയ പ്രണയിക്കുന്നതിന് വേണ്ടി മതം മാറിയതല്ലെന്നും മതംമാറി ഒട്ടേറെ നാളുകള്‍ക്ക് ശേഷമാണ് മുസ്ലീം യുവാവായ ഷഫീന്‍ ജഹാനെ ഹാദിയ കാണുന്നതും പ്രണയിക്കുന്നതുമെന്നതാണ് വിമര്‍ശകര്‍ പറയുന്നത്. കൂട്ടുകാരികളായ ഫസീനയുടേയും ജസീലയുടേയും ജീവിതരീതിയിലുള്ള സ്വാധീനമാണ് ഇസ്ലാം മതവിശ്വാസത്തോട് ഹാദിയയ്ക്ക് ആഭിമുഖ്യം ഉണ്ടാക്കാന്‍ കാരണമായതെന്നും ഇതിനെ തുടര്‍ന്നുള്ള ആരാധനയാണ് മതം മാറ്റത്തിലേക്ക് ഇവരെ നയിച്ചതെന്നുമാണ് വിമര്‍ശകരുടെ വാദം.

മൂന്ന് വര്‍ഷം മതപഠനം നടത്തുന്നതിനായി 2016 ജനുവരിയിലാണ് അഖില വീട് വിട്ടിറങ്ങിയതും കൂട്ടുകാരിയുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതും. തുടര്‍ന്ന് കോഴിക്കോട് ഇസ്ലാമിക സ്റ്റഡി സെന്ററില്‍ ഹാദിയ ചേരുന്നു. ഇസ്ലാമതം സ്വീകരിക്കുന്നെന്ന് എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ മതപഠനത്തിന് ചേര്‍ന്നത്. അതേസമയം ഹാദിയ വീട്ടില്‍ നില്‍ക്കുന്നതിനെ ഫസീനയുടേയും ജസീലയുടെയും പിതാവ് അബൂബക്കര്‍ വിയോജിച്ചതോടെയാണ് ഹാദിയ സത്യസരണിയെ സമീപിച്ച് പൊതുപ്രവര്‍ത്തക സൈനബയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയത്.

അതേസമയം 2015 നവംബറില്‍ മുത്തശ്ശന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ഹാദിയയുടെ വിശ്വാസമാറ്റം വീട്ടുകാര്‍ മനസിലാക്കിയത്. തുടര്‍ന്ന് ഹാദിയയെ കാണാതായതോടെയാണ് പിതാവ് അശോഷന്‍ കേരളാ ഹൈക്കോടതിയില്‍ ആദ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുന്നത്.

എന്നാല്‍ ജനുവരി 18ന് കോടതിയില്‍ നേരിട്ടു ഹാജരായ അഖില താന്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുവാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കോടതിയെ ബോധിപ്പിക്കുയും താന്‍ ഇപ്പോള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഹാദിയ എന്നൊരു പുതിയ പേര് സ്വീകരിച്ചിരുന്നുവെന്നും ഈ പുതിയ തീരുമാനം തന്റെ സുഹൃത്തുക്കളുടെ സമയബന്ധിതമായ പ്രാര്‍ഥനകളും നല്ല സ്വഭാവവും തന്നെ ആകര്‍ഷിച്ചതുകൊണ്ടാണെന്നും കോടതിയെ അറിയിച്ചു.

ഇസ്ലാമിക് പുസ്തകങ്ങളുടെ നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള അനേകം വീഡിയോകളും കണ്ടതിനുശേഷം അതില്‍ ആകൃഷ്ടയായി താന്‍ സ്വയം ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് അഖില കോടതിയെ ബോധിപ്പിച്ചത്. കൂടാതെ ഹാദിയ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കോടതി സൈനബയ്‌ക്കൊപ്പം ഹാദിയയെ വിട്ടു. അതിനു പിന്നാലെ മഞ്ചേരിയിലെ സത്യസരണിയില്‍ മതം പഠിക്കണമെന്ന ഹാദിയയുടെ അപേക്ഷയും കോടതി അംഗീകരിച്ചു.

എന്നാല്‍ മകളെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് രണ്ടാമത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഗൗരവമായി കണ്ടത്. ഇതിനും അങ്ങിനെ ഒന്നില്ലെന്നും തുടര്‍ന്നും സൈനബയ്‌ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും ഹാദിയ തന്നെ നേരിട്ട് കോടതിയില്‍ പറയുകയും ചെയ്തു. എന്നാല്‍ ഹാദിയ ഹോസ്റ്റലില്‍ താമസിക്കട്ടെ എന്നായിരുന്നു കോടതിയുടെ വിധി.

2016 ഡിസംബര്‍ 21 നാണ് മാട്രിമോണിയില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ വന്ന ആലോചനയില്‍ ഷഫീന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട ഹാദിയ കോടതിയില്‍ എത്തിയത്. രണ്ടുമാസത്തെ അവധിക്കായി കേരളത്തിലെത്തിയ ഷെഫിന്‍ ഡിസംബര്‍ 19 ന് ഹാദിയയെ വിവാഹം ചെയ്യുകയായിരുന്നു. സൈനബയുടെ വീട്ടില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.

എന്നാല്‍ ഡിസംബര്‍ 21നു വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട കേരളാ ഹൈകോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് തന്നെ മാറ്റി. കോടതി വ്യവഹാരങ്ങള്‍ പതിവുപോലെ നടക്കുമ്പോഴും ഹാദിയയ്ക്ക് മറ്റുള്ളവരെ കാണുന്നതില്‍ വിലക്ക് നേരിടുന്നുണ്ടായിരുന്നു. ഹാദിയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാന്‍ തുടര്‍ന്ന് കോടതി നടപടികള്‍ക്കായി മസ്‌കറ്റിലെ ജോലിയുപേക്ഷിച്ചു.

2017 മേയ് 24 ഷഫിന്‍ ജഹാനുമായുളള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. നിര്‍ബന്ധിച്ചു മതം മാറ്റിയെന്ന അഖിലയുടെ പിതാവ് കെ.എം. അശോകന്റെ ഹര്‍ജി ശരിവെയ്ക്കുന്നതായിരുന്നു കോടതി വിധി. വിവാഹം എന്നത് അഖിലയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനം ആണെന്നും അത് അവരുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ നടക്കാവൂയെന്നും കോടതി പരാമര്‍ശിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ഹാദിയയെ ഒപ്പം കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി.

കോടതിനിര്‍ദ്ദേശ പ്രകാരം കോട്ടയം പൊലീസിന്റെ കാവലോടെയാണ് അന്നുമുതല്‍ ഹാദിയ വീട്ടില്‍ കഴിയുന്നത്. കോടതി വിധിയില്‍ ഖേദം രേഖപ്പെടുത്തിയ ഹാദിയ ഞാനൊരു ഇരുപത്തിയഞ്ച് വയസ്സുള്ള ഇന്ത്യന്‍ പൗരയാണ്. എന്തിനാണ് കഴിഞ്ഞ അഞ്ചുമാസമായി കോടതി എന്നെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്? എന്റെ വിശ്വാസങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാന്‍ കോടതി എന്നെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ചോദിച്ചിരുന്നു.

അതേസമയം 2017 ജൂലൈ 5ന് ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വീട്ടുതടങ്കലിലുള്ള ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് 2017 ഓഗസ്റ്റ് 4ന് എന്‍ഐഎയ്ക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതി നോട്ടിസ് നല്‍കി. മതംമാറ്റം സാധൂകരിക്കുന്ന രേഖ ഹാജരാക്കാന്‍ അശോകനോടും നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു നടപടി.

2017 ഓഗസ്റ്റ് 10 ന് ഹാദിയ ഷഫിന്‍ ജഹാന്‍ വിവാഹത്തിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറാന്‍ കേരള പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ 2017 ഓഗസ്റ്റ് 16ഹാദിയ ഷഫിന്‍ ജഹാന്‍ വിവാഹം സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രനെ മേല്‍നോട്ടത്തിനായി കോടതി നിയോഗിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി താല്‍പര്യപ്രകാരമായിരുന്നു ഈ തീരുമാനം. 2017 ഓഗസ്റ്റ് 19ന് കൂട്ടുകാരി ജസീനയുടെ പിതാവായ അബൂബക്കര്‍ മതം മാറാന്‍ അഖിലയെ പ്രലോഭിപ്പിച്ചെന്നാണ് അശോകന്റെ പരാതിയില്‍ മലപ്പുറം സ്വദേശി ചെറക്കപ്പറമ്പ് അബൂബക്കറിനെ പ്രതിയാക്കി എന്‍ഐഎ കൊച്ചി കോടതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

അതേസമയം 2017 ഓഗസ്റ്റ് 30ന് മേല്‍നോട്ട ചുമതലയില്‍നിന്നു മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ പിന്മാറിയതിനു പിന്നാലെ എന്‍ഐഎ അന്വേഷണം പിന്‍വലിക്കണമെന്നും ഹാദിയയെ സുപ്രീംക്കോടതിയില്‍ കോടതിയില്‍ ഹാജരാക്കണമെന്നും വീണ്ടും ഷഫിന്‍ ജഹാന്റെ ഹര്‍ജി നല്‍കി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സമൂഹത്തിന്റെ അഭിപ്രായം നോക്കി വിധി പറയാനാകില്ലെന്ന് പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹാദിയയുടെയും അച്ഛന്‍ അശോകന്റെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും വാദം പ്രത്യേകം പ്രത്യേകം കേള്‍ക്കുമെന്ന് പറഞ്ഞ കോടതി വിവാഹം പ്രായപൂര്‍ത്തിയായവരുടെ സ്വന്തം തീരുമാനമാണ് എന്നും ക്രിമിനല്‍ കേസുള്ളയാളെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമല്ല എന്നും നിരീക്ഷിക്കുകയുണ്ടായി. തുടര്‍ന്ന് ഒക്ടോബര്‍ 30ന് കേസ് പരിഗണിച്ച സുപ്രീംക്കോടതി പിതാവ് അശോകനോട് 2017 നവംബര്‍ 27 ന് ഹാദിയയുമായി നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനുള്ള സുപ്രിംകോടതിയുടെ തീരുമാനം.