കാവ്യമാധവനെയും മകളെയും ഒഴിവാക്കി ദിലീപ് ദുബായിലേക്ക് പോയി: യാത്രയില്‍ പൊലീസിന് ആശങ്ക

single-img
28 November 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായിലേക്ക് പോയി. അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല.

രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരും പോയത്. ‘ദേ പുട്ട്’ എന്ന സ്വന്തം കടയുടെ ഉദ്ഘാടനത്തിനായാണ് ദിലീപ് ദുബായിയില്‍ പോകുന്നത്. തിങ്കളാഴ്ച വൈകീട്ട് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റി. സ്ഥാപനത്തിന്റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്.

ദുബായിയുടെ ഹൃദയഭാഗമായ കരാമയില്‍ ആണ് പുതിയ കട തുറക്കുന്നത്. ദിലീപിന് ദുബായില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. നാദിര്‍ഷയും ദുബായിലെ ബിസിനസുകാരുമടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ദേ പുട്ട് കരാമയില്‍ ആരംഭിക്കുന്നത്.

നാദിര്‍ഷ നേരത്തെ തന്നെ ദുബായില്‍ എത്തിയിട്ടുണ്ട്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്ററന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

ദിലീപിന്റെ ജയില്‍വാസം നീണ്ടുപോയതോടെ വന്‍ തുക ചെലവിട്ട് ഒരുക്കിയ റസ്റ്ററന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കള്‍ക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്.

ഒട്ടേറെ മലയാളി റസ്റ്ററന്റുകളുള്ള ദുബായിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങള്‍ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

അതേസമയം ദിലീപിന്റെ ദുബായ് യാത്രയില്‍ കേരള പൊലീസ് ആശങ്കയിലാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയതായാണു അന്വേഷണസംഘം സംശയിക്കുന്നത്.

തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നത് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു. മെമ്മറികാര്‍ഡും മൊബൈല്‍ഫോണും ദുബായില്‍ ആണുള്ളതെങ്കില്‍ അത് രണ്ടും ഇനി പുറംലോകം കാണില്ലെന്നാണ് വിലയിരുത്തല്‍.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് പറയുന്നു. ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.