‘കായംകുളം കൊച്ചുണ്ണിയെ’ കാണാന്‍ സൂര്യയും ജ്യോതികയുമെത്തി

single-img
26 November 2017

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാകുന്ന കായംകുളം കൊച്ചുണ്ണിയെ കാണാന്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മംഗലാപുരത്തെ സെറ്റിലേക്ക് രണ്ട് സൂപ്പര്‍ താരങ്ങള്‍ എത്തി. താരദമ്പതികളായ സൂര്യയും ജ്യോതികയുമാണ് കായംകുളം കൊച്ചുണ്ണിയെ നേരില്‍ കാണാനും നിവിനും റോഷന്‍ ആന്‍ഡ്രൂസിനും ആശംസകളര്‍പ്പിക്കാനും എത്തിയത്.

കേരളവും കര്‍ണാടകയും അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് തലപ്പാടിയിലെ ലൊക്കേഷനിലാണ് താരദമ്പതികള്‍ എത്തിയത്. ലൊക്കേഷനിലെത്തിയ സൂര്യയെ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച സൂര്യ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകളും അറിയിച്ചു. കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്കും ഇരുവരും ചേര്‍ന്നു പുറത്തിറക്കി.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജ്യോതികയ്ക്ക് ഗംഭീര തിരിച്ചു വരവ് സമ്മാനിച്ച ചിത്രമായ മുപ്പത്താറ് വയതിനിലെ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേയ്ക്കാണ് മുപ്പത്താറ് വയതിനിലെ.

അമല പോളാണ് കൊച്ചുണ്ണിയിലെ നായിക. സിനിമയ്ക്കു വേണ്ടി നിവിന്‍ പോളി കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചിരുന്നു. രണ്ടരവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കുശേഷം ബോബി സഞ്ജയ് ടീമാണു തിരക്കഥ. കേരളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ‘റോബിന്‍ഹുഡി’ന്റെ ജീവിതം സ്‌ക്രീനിലെത്തിക്കാനാകുന്നത് അനുഗ്രഹമാണെന്നു നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

തിരുവിതാംകൂറിലെ കുപ്രസിദ്ധ മോഷ്ടാവായിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ വാമൊഴിയായിട്ടാണു പ്രചരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലടക്കം കായംകുളം കൊച്ചുണ്ണിയുണ്ട്. മോഷ്ടാവായിരുന്നെങ്കിലും പണക്കാരുടെ ധനം അപഹരിച്ചു പാവങ്ങള്‍ക്കു നല്‍കിയെന്നാണ് ‘കൊച്ചുണ്ണിചരിതം’.

പഴയകാലവും സാമൂഹ്യ പശ്ചാത്തലവുമൊക്കെ കടന്നുവരുന്ന ചിത്രം ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന എട്ടംഗ ടീം രണ്ടര വര്‍ഷത്തോളം നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുന്നതെന്ന് നേരത്തേ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ ബോബിസഞ്ജയ് കൂട്ടുകെട്ടില്‍ വലിയ പ്രതീക്ഷയാണുള്ളത്. നിവിന്‍ പോളി, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകും. എന്റര്‍ടെയ്ന്‍മെന്റ് വാല്യു ഉള്ള ഒരു സിനിമ എന്ന നിലയിലാണ് ചിത്രം ഒരുക്കുന്നതെന്നും പാട്ടും ഫൈറ്റും ഒക്കെയുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 12 കോടിയാണ് സിനിമയുടെ ബജറ്റ്.