നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റി; പള്‍സര്‍ സുനി ദൃശ്യങ്ങള്‍ ഏഴാം പ്രതിക്കു കാണിച്ചു കൊടുത്തു

single-img
26 November 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ മെമ്മറിയിലായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് ഇതു മെമ്മറി കാര്‍ഡിലേക്ക് മാറ്റുകയായിരുന്നെന്നും ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തു വച്ചായിരുന്നു ഇത് ചെയ്തതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം കേസിലെ മറ്റു രണ്ടു പ്രതികളും ഉണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്. അടുത്തദിവസം സുനിയുടെ ഫോട്ടോയും വാര്‍ത്തയും ടി.വി.യിലും മറ്റും വന്നതറിഞ്ഞ് ഇവര്‍ അവിടെനിന്ന് രക്ഷപ്പെട്ടതായും പറയുന്നു. പ്രതികളെല്ലാം തമ്മനത്ത് എത്തിയ ശേഷം പലയിടങ്ങളിലേക്കായി പോവുകയായിരുന്നു.

പള്‍സര്‍ സുനിയും മറ്റു രണ്ടു പേരും ആലപ്പുഴ ഭാഗത്തേക്കാണ് പോയത്. കേസിലെ ഒരു സാക്ഷിയുടെ വീട്ടില്‍ വച്ചു പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പുറത്തെടുക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫോണില്‍ ചാര്‍ജ് കുറവായതിനെ തുടര്‍ന്ന് പള്‍സര്‍ സുനി സാക്ഷിയുടെ വീട്ടില്‍ വച്ചും വീടിന് അരികിലുള്ള കടപ്പുറത്തു വച്ചും പവര്‍ ബാങ്കില്‍ കുത്തിയ ശേഷം ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

ആലപ്പുഴയില്‍ നിന്നും ചെങ്ങന്നൂരിലേക്കാണ് പള്‍സര്‍ സുനിയും മറ്റു പ്രതികളും രക്ഷപ്പെട്ടത്. മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് വച്ച് സഞ്ചരിച്ച വാഹനം ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പിന്നീട് മറ്റൊരു വാഹനം വാടകയ്‌ക്കെടുത്ത ശേഷമാണ് ഇവര്‍ യാത്ര തുടര്‍ന്നതെന്നും പറയുന്നു.

കളമശേരിയിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നു പുതിയ ഫോണ്‍ ഇതിനിടെ സുനി വാങ്ങി ഉപയോഗിക്കുകയും ചെയ്തു. അതിനു ശേഷം മറ്റു സാക്ഷികളുടെ വീട്ടിലെത്തിയ പള്‍സര്‍ സുനി ജാമ്യം എടുക്കാനുള്ള വക്കാലത്തില്‍ ഒപ്പിടുകയായിരുന്നു. വക്കാലത്തില്‍ ഒപ്പിട്ട ശേഷം പള്‍സര്‍ സുനിയും മറ്റു രണ്ടു പ്രതികളും കോയമ്പത്തൂരിലേക്ക് മുങ്ങുകയായിരുന്നു.

പീളമോട് ടൗണില്‍ വച്ച് പള്‍സര്‍ സുനി ഫോണിലെ ദൃശ്യങ്ങള്‍ ഏഴാം പ്രതിക്കു കാണിച്ചുകൊടുത്തു. കേസിലെ എട്ടാം പ്രതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇവ കാണിച്ചു തരുന്നതെന്നും പള്‍സര്‍ സുനി അയാളോട് പറഞ്ഞതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.