നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെ ഹാദിയയെ ‘മാനസിക രോഗിയാക്കി’: ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകന്‍

single-img
26 November 2017

ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ഹാദിയയുടെ പിതാവ് കെഎം അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്ന് വാദിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

മാനസിക രോഗിയെ പോലെയാണ് ഹാദിയ പെരുമാറുന്നത്. കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. മെഡിക്കല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അശോകനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം.

ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും തന്നെയാരും നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും നീതിലഭിക്കണമെന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടും മുന്‍പ് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹാദിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതോടെ സുപ്രീം കോടതിയില്‍ കേസ് ഷെഫിന്‍ ജെഹാന് അനുകൂലമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദം ഉയര്‍ത്താന്‍ പിതാവ് ഒരുങ്ങുന്നത്.

അതേസമയം ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ. സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമാക്കപ്പെട്ടതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്നതാണ് എന്‍.ഐ.എ. നിലപാട്.

കഴിഞ്ഞ ദിവസം എന്‍.ഐ.എ. മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ രത്‌നച്ചുരുക്കവും ഇതാണെന്നറിയുന്നു. ഡല്‍ഹിയിലെത്തിയശേഷം കനത്ത സുരക്ഷയോടെ കേരള ഹൗസില്‍ കഴിയുന്ന ഹാദിയയെ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സുപ്രീംകോടതിയില്‍ ഹാജരാക്കും.

താനുമായുള്ള ഹാദിയ (അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടയാളുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍.ഐ.എ.യുടെ വാദം. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ. സമര്‍പ്പിച്ചതെന്നറിയുന്നു. ഇതില്‍ ഹാദിയയുടേയും ബന്ധുക്കളുടേയും മൊഴിയും ഉള്‍പ്പെടും. കൂടാതെ ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴിയുമുണ്ടാകും.

അച്ഛന്‍ അശോകന്റെയും എന്‍.ഐ.എ.യുടേയും എതിര്‍പ്പ് തള്ളിക്കൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അടച്ചിട്ട മുറിയില്‍ തന്നെ ഹാദിയയെ കേള്‍ക്കണമെന്ന അശോകന്റെ ഹര്‍ജി നേരത്തെ പരിഗണിക്കാനും കോടതി വിസമ്മതിച്ചിരുന്നു. ഈ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.

രാജ്യശ്രദ്ധയാകര്‍ഷിച്ച ഹാദിയ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറയുമെന്ന് ഉറപ്പാണ്. ഇന്‍ ക്യാമറ നടപടികള്‍ വേണമെന്ന് അശോകന്റെ അഭിഭാഷകര്‍ വീണ്ടും ഉന്നയിച്ചേക്കും. എന്‍.ഐ.എ.യും കേന്ദ്ര സര്‍ക്കാരും കൂടി ഇക്കാര്യം ഉന്നയിച്ചാല്‍ സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുമോയെന്നതാണ് ആദ്യത്തെ വിഷയം.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ കഴിയുമോയെന്ന നിയമപരമായ ചോദ്യത്തിന് ഉത്തരം കാണാനാകും സുപ്രീംകോടതി ശ്രമിക്കുക. അതിന് മുമ്പായി, മതം മാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ഹാദിയയോട് കോടതി ചോദിച്ചറിയും.

ഇതിനിടെ, സംഭവം അന്വേഷിക്കുന്ന എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടുകളും സുപ്രീംകോടതി പരിശോധിക്കും. എന്‍.ഐ.എ.യുടേയും അശോകന്റേയും ഭാഗം കേട്ടശേഷമേ ഹാദിയ കേസില്‍ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് ഹാദിയയും കുടുംബവും കേരള ഹൗസിലെത്തിയത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സുരക്ഷയാണ് ഹാദിയയ്ക്കും കുടുംബത്തിനും കേരള ഹൗസിലൊരുക്കിയിരിക്കുന്നത്. കേരള ഹൗസിലേക്കുള്ള വഴിയടച്ച പോലീസ് അതിഥികള്‍ അല്ലാത്ത ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് കേരള ഹൗസിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

പുറത്ത് നിന്നുമെത്തുന്നവര്‍ക്ക് പൊതു കാന്റീനില്‍ പോലും പ്രവേശനം അനുവദിക്കുന്നില്ല. സുപ്രീം കോടതിയിലേക്ക് പോകുന്നതിനല്ലാതെ ഹാദിയയെ മുറിയില്‍ നിന്നും പുറത്തിറക്കില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്ന് വൈകീട്ട് ഷെഫിന്‍ ജഹാനും ഡല്‍ഹിയിലെത്തുമാണ് വിവരം. നാളെ മൂന്ന് മണിക്കാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുക.