അഭയം തേടുന്നവര്‍…റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര) എഴുതുന്നു

അയ്‌ലന്‍ കുര്‍ദ്ദി

കടല്‍തീരത്തു പൊലിഞ്ഞുപോയ അയ്‌ലന്‍ കുര്‍ദ്ദിയുടെ ചിത്രമാണ് അഭയാര്‍ത്ഥികളുടെ ദുരിതത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 2011 തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായിരുന്നു അയ്‌ലന്‍ കുര്‍ദ്ദിയെന്ന ബാലന്‍. അഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടതോടെയാണു സിറിയായില്‍ നിന്ന് ലക്ഷകണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. തിങ്ങിനിറഞ്ഞ ബോട്ടുകളില്‍ ജീവന്‍ കയ്യിലെടുത്തുളള യാത്രയില്‍ ഒട്ടേറെ പേര്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ചു. ഓരോ അഭയാര്‍ത്ഥിയും നമ്മളില്‍ സൃഷ്ടിക്കുന്നത് ഹൃദയനൊമ്പരമാണ്.

ഈ ഭൂമിയും ആകാശവും നമ്മുടേതല്ല

ലോകത്തിലെ മറ്റൊരു യാത്രയുമായും താരതമ്യം ചെയ്യാനാവില്ല അവരുടെ പാലയനങ്ങളെ. കാരണം ഏതാണ് ലക്ഷ്യമെന്നോ എന്താണ് അവിടേക്കുളള മാര്‍ഗ്ഗമെന്നോ എന്നാണ് അവിടെയെത്തുകയെന്നോ എപ്പോഴാണ് മടക്കമെന്നോ അവര്‍ക്കറിയില്ല. ഒപ്പമുളളത് അസംഖ്യം ദുരിതങ്ങള്‍ മാത്രം. മുന്നിലുളളതാവട്ടെ അനിശ്ചിതമായ ഭാവിയും! ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന അഭയാര്‍ത്ഥികളും.

അഭയാര്‍ത്ഥികളുടെ ചരിത്രം

സ്വദേശത്തുളള വെല്ലുവിളികളില്‍ നിന്ന് രക്ഷനേടാന്‍ മറ്റു ദേശങ്ങളില്‍
അഭയം തേടുന്ന രീതി പുരാതനകാലം മുതലേ നിലനിന്നിരുന്നു. പ്രാര്‍ഥനാലയങ്ങളിലും മറ്റു പുണ്യസ്ഥലങ്ങളിലുമാണ് ഇത്തരക്കാര്‍ ഏറെയും എത്തിച്ചേര്‍ന്നിരുന്നത്. ഇങ്ങനെ അഭയം തേടിയവരെ ഉപദ്രവിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് പ്രാചീന ഗ്രീക്കുകാരും, ഈജിപ്തുകാരും വിശ്വസിച്ചിരുന്നത്.

എ.ഡി 7-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനിലെ കെന്റ് എന്ന പ്രവിശ്യ ഭരിച്ചിരുന്ന എഥെല്‍ബെല്‍ട്ട് എന്ന രാജാവ് അഭയാര്‍ത്ഥികള്‍ക്കായി ആദ്യമായി ഒരു നിയമമുണ്ടാക്കി. ആധുനിക രാജ്യങ്ങളും അതിര്‍ത്തികളും ഉണ്ടായതോടെയാണ് മനുഷ്യന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം നേരിട്ടത്. അതോടെ ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വന്നു. അഭയം തേടി ഏതു രാജ്യത്താണോ ഒരാള്‍ എത്തുന്നത് അവിടെ അഭയാര്‍ത്ഥി എന്ന സ്ഥാനത്തിനായി അപേക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തിലുളള ഒരു അഭയാര്‍ത്ഥിയെ ‘അസൈലം സീക്കര്‍’ എന്നു വിളിക്കാം. അപേക്ഷ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളെ സാധാരണയായി ആ രാജ്യം നാടുകടത്തും.

വംശഹത്യ എന്ന കൂട്ടക്കൊല

റോഹിന്‍ഗ്യകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറയുന്ന ഒരു വാക്കാണ് വംശഹത്യ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പല സ്ഥലത്തും ഇക്കാര്യം ഉയര്‍ന്നു വരാറുണ്ട്. ഒരു തരം കൂട്ടക്കൊലയാണിത്.

മതവിശ്വാസത്തിന്റെയോ ഭാഷയുടെയോ മറ്റ സാംസ്‌കാരിക പ്രത്യേകതകളുടെയോ പേരില്‍ ഒരു വംശത്തെത്തന്നെ കൃത്യമായ പദ്ധതികളോടെ ഇല്ലാതാക്കുന്നതിനെയാണ് വംശഹത്യ എന്ന് പറയുന്നത്. റോഹിന്‍ഗ്യ മുസ്‌ലിംകളുടെ കാര്യം തന്നെയെടുക്കാം, മ്യാന്‍മാറിലെ മഹാഭൂരിപക്ഷമായ ബുദ്ധമതാനുയായികളില്‍ നിന്നും വ്യത്യസ്ഥരാണവര്‍. അവരുടെ സംസ്‌കാരവും ഭാഷയുമെല്ലാം പരമ്പരാഗത മ്യന്‍മാറുകാരില്‍ നിന്ന് വ്യത്യസ്തമാണ്. ബംഗ്ലാദേശികളായാണ് പല മ്യാന്‍മാറുകാരും ഇവരെ കാണുന്നത്. അതിനാല്‍ റോഹിന്‍ഗ്യകളെ ഇല്ലാതാക്കണം എന്ന് ചിലര്‍ കരുതുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും പല രീതികളില്‍ വംശഹത്യകള്‍ അരങ്ങേറിയിട്ടുണ്ട്. ജര്‍മനിയിലെ നാസി സര്‍ക്കാര്‍ യഹൂദര്‍മാര്‍ക്കെതിരെ നടത്തിയ വംശഹത്യയാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം ‘ജര്‍മന്‍ ഹോളോകോസ്റ്റ്’ എന്ന് ഇത് അറിയപ്പെട്ടു.

19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തുര്‍ക്കിയില്‍ ഒട്ടോമന്‍ ഭരണമായിരുന്നു. ഇക്കാലത്ത് രാജ്യത്തുണ്ടായിരുന്ന അര്‍മേനിയന്‍ വംശജര്‍ക്കെതിരെ കൂട്ടക്കൊല നടന്നു. ഇതും വംശഹത്യയായാണ് അറിയപ്പെട്ടത് ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരെ സൈന്യം നടത്തിയ കൂട്ടക്കൊലകളെ വംശഹത്യയായി പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

റോഹിന്‍ഗ്യകളും ഇന്ത്യയും

അഭയം തേടി പലായനം ചെയ്യുന്ന റോഹിന്‍ഗ്യകളില്‍ വലിയൊരു വിഭാഗം എത്തിച്ചേരുന്നത് ഇന്ത്യയിലാണ്. 40,000-ത്തിലധികം റോഹിന്‍ഗ്യകള്‍ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്.അഭയാര്‍ത്ഥികളുടെ കാര്യം നോക്കുന്ന അന്താരാഷ്ട്ര സംഘടനയായ യു.എന്‍.എച്ച്.സി.ആര്‍ ഇവരില്‍ 14,000 പേരെ അഭയാര്‍ഥികള്‍ എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു.

ഇന്ത്യയിലെ റോഹിന്‍ഗ്യകള്‍ ഏറെപ്പേരും ഡല്‍ഹി,കാശ്മീര്‍.ഹൈദരബാദ് ,പശ്ചിമ ബംഗാള്‍,വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് കഴിയുന്നത്. ഇവരില്‍ ചിലര്‍ക്കെങ്കിലും ഐ.എസ്.ഐ,ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഭാരതത്തിലേയ്ക്ക് അഭയാര്‍ത്ഥികളെ തിരിച്ചു വിടുന്നതില്‍ ഈ സംഘടനകളില്‍ വലിയതോതില്‍ പണം ചെലവഴിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം.

ആരാണ് അഭയാര്‍ത്ഥികള്‍

മതത്തിന്റെയോ വര്‍ഗത്തിന്റെയോ സാമുഹ്യ-രാഷ്ട്രീയ നിലപാടുകളുടെയോ ദേശീയതയുടെയോ ഒക്കെ പേരില്‍ സ്വന്തം രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷതേടി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരാണ് അഭയാര്‍ത്ഥികള്‍. പലപ്പോഴും സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ഇവര്‍ ആഗ്രഹിക്കാറില്ല.

ജീവന്‍ സംരക്ഷിക്കാനുളള ഓരോ അഭയാര്‍ത്ഥിയുടെയും യാത്രകള്‍ മൂന്നുഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വീടും നാടും ഉപേക്ഷിക്കലാണ് ആദ്യഘട്ടം. ലോകമെമ്പാടുമായി ലക്ഷകണക്കിന് ജനങ്ങളാണ് ഇങ്ങനെ തങ്ങളുടെ രാജ്യം വിട്ട് അഭയാര്‍ത്ഥികളായിട്ടുളളത്. ഇവരില്‍ നല്ലൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

അഭയാര്‍ത്ഥി ക്യംപുകളിലെ ജീവിതമാണ് രണ്ടാം ഘട്ടം. ഒരു അഭയാര്‍തഥി സ്വന്തം നാടുവിട്ടോടുമ്പോള്‍ ജീവന്‍ രക്ഷിക്കാനേ ശ്രമിക്കു. സ്വത്തും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ചായിരിക്കും പലായനം, അതു കൊണ്ടു തന്നെ അഭയാര്‍ത്ഥി ക്യംപുകളില്‍ അവരുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണ്ണമായിരിക്കും. ആവശ്യത്തിന് ശുദ്ധജലവും ഭക്ഷണവും മരുന്നുകളും ലഭിക്കാതെയും പകര്‍ച്ച വ്യാധികളും മറ്റും പിടിപെട്ട് പലരും മരിക്കുന്നു.

ചില അഭയാര്‍ത്ഥികള്‍ ജീവിതാവസാനം വരെ ഇത്തരം ക്യംപുകളില്‍ കഴിച്ചുകൂട്ടാറുണ്ട്. മറ്റു ചിലരാകട്ടെ കുറച്ചു നാളത്തെ താല്‍ക്കാലിക വാസത്തിന് ശേഷം നല്ല സാഹചര്യങ്ങള്‍ തേടി വീണ്ടം യാത്രയാകുന്നു. സ്വന്തം രാജ്യത്തേക്കുളള മടക്കം അല്ലെങ്കില്‍ പുതിയ സാഹചര്യങ്ങളോടുളള ഇണങ്ങിച്ചേരലാണ് മൂന്നാമത്തെയും അവസാനത്തെയും ഘട്ടം.

ചിലര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെങ്കിലും കൂടുതല്‍ പേരും പുതിയ സ്ഥലവുമായി പൊരുത്തപ്പെട്ട് ജീവിതം തുടരുന്നു.ഓസ്‌ട്രേലിയ പോലെയുളള ചില സമ്പന്ന രാഷ്ട്രങ്ങള്‍ അഭയാര്‍തഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്.

രണ്ടാം ലോകമഹായുദ്ധവും അഭയാര്‍തഥികളും
നാസികള്‍ ഭരിച്ചിരുന്ന ജര്‍മ്മനിയും സോവിയറ്റു യൂണിയനും ചേര്‍ന്ന് 1939-ല്‍ നടത്തിയ പോളണ്ട് ആക്രമണത്തോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കും. വന്‍തോതിലുളള വംശഹത്യയായിരുന്നു നാസികള്‍ ആസുത്രണം ചെയ്തിരുന്നത്. 20 ലക്ഷത്തോളം ആളുകളെ ജര്‍മനി നാടുകടത്തി, അനേകലക്ഷം പേരെ നാസികള്‍ അടിമകളായി ജര്‍മനിയിലേക്ക് കൊണ്ടുപോയി. പോളണ്ടിന്റെ പലഭാഗങ്ങളിലായി സോവിയറ്റ് യൂണിയനും ഇതേ കാര്യം ആവര്‍ത്തിച്ചു.

ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ വംശീയ ആക്രമണത്തെ ഭയന്ന് ആയിരക്കണക്കിന് ജൂതന്‍മാര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. പിടിച്ചുകെട്ടിയ പലരേയും അടിമജോലിക്കായി സോവിയറ്റ് യൂണിയനിലേക്ക് കൊണ്ടുപോയി. യാള്‍ട്ടാ കോണ്‍ഫറന്‍സ് എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ പലയിടങ്ങളിലായി ചിതറികിടന്ന റക്ഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് നാടുകടത്തി. 50 ലക്ഷം പേര്‍ ഇങ്ങനെ അഭയാര്‍ഥികളാക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലായി ആറുകോടിയിലധികം ആളുകളെ രണ്ടാം ലോക മഹായുദ്ധം അഭയാര്‍ത്ഥികളാക്കി എന്നാണ് കണക്ക്.

ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍

ചരിത്രാതീകാലം മുതല്‍ ഭാരതത്തിലേക്ക് പല നാടുകളില്‍ നിന്ന് ഒട്ടേറെ അഭയാര്‍ഥികള്‍ വന്നിട്ടുണ്ടെങ്കിലും അതിലെല്ലാം വച്ച് ഏറ്റവും കടുത്ത അഭയാര്‍ത്ഥി പ്രതിസന്ധി ഉണ്ടായത് ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനകാത്തായിരുന്നു. വിഭജനശേഷം ഏകദേശം എഴുപത്തഞ്ച് ലക്ഷം ജനങ്ങള്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തി എന്നാണ് കണക്ക് വീര്‍ സവര്‍ക്കറുടെ ദ്വി രാഷ്ട്ര സിദ്ധാന്തത്തിനും ലഹോര്‍ പ്രമേയത്തിനും ശേഷം ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ആലോചിച്ച് ഇന്ത്യയെ വിഭജിക്കാന്‍ അനുമതി നല്‍കി.

സര്‍ സിറില്‍ റാഡ്ക്ലിഫ് ചെയര്‍മാനായ ബോര്‍ഡര്‍ കമ്മിഷനെയാണ് ബ്രിട്ടിഷ് ഇന്ത്യയെ ഇന്ത്യ,പാക്കിസ്ഥാന്‍ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കാന്‍ ചുമതലപ്പെടുത്തിയത്.റാഡ്ക്ലിഫ് രേഖ എന്ന് പ്രശസ്തമായ ആ അതിര്‍ത്തി രേഖ പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന യുദ്ധങ്ങളിലും വില്ലനായി. തിടുക്കത്തില്‍ സൂക്ഷ്മതയില്ലാതെയാണ് അവര്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തിയത്. നിലവിലിരുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും ഉപദേശകരുടെയും വിദഗ്ദരുടെയോ ഐക്യരാഷ്ട്ര സംഘടനയുടെയോ മേല്‍നോട്ടമില്ലാതെയും ഭൂമിശാസ്ത്രപരമായി സ്ഥലങ്ങളുടെ കിടപ്പ് മനസ്സിലാക്കതെയും സര്‍വ്വേകള്‍ നടത്താതെയും തീര്‍ത്തും അശാസ്ത്രീയയമായാണ് അന്ന് അതിര്‍ത്തി നിര്‍ണയം നടന്നത്.

1947 ഓഗസ്റ്റ് 14-ാം തീയതി പാക്കിസ്ഥാനും അടുത്ത ദിവസം ഭാരതവും സ്വതന്ത്രമായി. വിഭജിക്കപ്പെട്ട പഞ്ചാബിലും ബംഗാളിലും സിന്ധിലും മറ്റിടങ്ങളിലുമായി വിവിധ മതങ്ങളില്‍പ്പെട്ട ധാരാളം പേര്‍ അഭയാര്‍ത്ഥികളായി മാറി.അതുവരെയുളള സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ജനിച്ച നാട് വിട്ട് അവര്‍ ഇരുരാജ്യങ്ങലിലേക്കും പോയി. പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങളുണ്ടായി.

ബംഗ്ലാദേശില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍

വെസ്റ്റ്,ബംഗാള്‍,അസം,മേഘാലയ,ത്രിപുര എന്നീ സംസ്ഥാനങ്ങളിലെല്ലാം ബംഗ്ലാദേശില്‍ നിന്നുളള അഭയാര്‍ഥികളെ കാണാം.

1971-ലെ ബംഗ്ലാദേശ് മോചനസമരവുമായി (Bangladesh Liberation War) ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ അഭയാര്‍തഥികള്‍ ഇന്ത്യയിലേക്കൊഴുകിയത്. പാക്കിസ്ഥാന്‍ ആര്‍മിയുടെ സ്‌പെഷല്‍ സര്‍വ്വീസ് ഗ്രൂപ്പ് നടത്തുന്ന കൂട്ടക്കൊലകളെ ഭയന്നാണ് ജനങ്ങള്‍ ഇന്ത്യയിലേക്കെത്തിയത്.

ഇവരില്‍ പലരേയും ഔദ്യോഗികമായി അഭയാര്‍ത്ഥികളുമായി നമ്മുടെ
രാജ്യം കരുതുന്നില്ലെങ്കിലും ഡചഒഇഞനെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്.

ടിബറ്റന്‍ അഭയാര്‍ത്ഥികള്‍

ടിബറ്റ് ഒരു സ്വതന്ത്ര രാജ്യമാണോ എന്ന കാര്യത്തില്‍ ഒരു കാലത്ത് ലോകത്തിന് മുഴുവന്‍ സംശയമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ യുവാന്‍ സാമ്രാജ്യത്തിന്റെ കാലം മുതല്‍ ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നുവെന്ന് ചൈന അവകാശപ്പെടുന്നു. എന്നാല്‍ തങ്ങള്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും തങ്ങളുടെ മേല്‍ ചൈനയ്ക്ക് യാതൊരു അവകാശമില്ലന്നുമാണ് ടിബറ്റുകളുടെ പക്ഷം.

ദലൈ ലാമ

1959 മാര്‍ച്ചില്‍ ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമയെ തട്ടിക്കൊണ്ടുപോകാന്‍ ചൈന ശ്രമം നടത്തുന്നു എന്നാരോപിച്ച് തുടങ്ങിയ സമരം സ്വതന്ത്ര ടിബറ്റിന് വേണ്ടിയുളള ലഹളയായി വളര്‍ന്നു. ഈ സംഭവത്തോടെ ദലൈലാമയും അദ്ദേഹത്തിന്റെ കൂട്ടാളികളും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് പല കാലങ്ങളായി ധാരാളം പേര്‍ ടിബറ്റില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഇന്ന് ഒരു ലക്ഷത്തിലധികം ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകയിലുമാണ് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുളളത്. ഇവര്‍ക്കു വേണ്ട സൗകര്യങ്ങളും സംരക്ഷണവുമൊക്കെ നമ്മുടെ രാജ്യം നല്‍കിവരുന്നു.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍

ശ്രീലങ്കയിലെ തമിഴ് വംശജരാണ് അഭയാര്‍തഥികളായി ഇന്ത്യയിലുളളത്.1948-ല്‍ സ്വതന്ത്രം ലഭിച്ചതിനുശേഷം,ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് വംശജരെ പുറത്താക്കാന്‍ വേണ്ടി സിലോണ്‍ സിറ്റിസണ്‍ഷിപ്പ് ആക്റ്റ് എന്ന നിയമം കൊണ്ടുവന്നു. ഇതു പ്രകാരം ശ്രീലങ്കന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഒരാള്‍,അയാളുടെ മാതാപിതാക്കള്‍ ശ്രീലങ്കക്കാര്‍ ആണെന്ന് തെളിയിക്കണമായിരുന്നു ഭൂരിപക്ഷം വരുന്ന സിംഹളരെ മാത്രം സംരക്ഷിക്കുന്ന ഈ നിയമത്തിന്റെ വരവോടെ ലക്ഷകണക്കിന് തമിഴര്‍ രാജ്യമില്ലാത്ത ജനങ്ങളായി മാറി.
സിംഹളരുടെ ക്രൂരതകള്‍ സഹിക്കവയ്യാതെ ശ്രീലങ്കന്‍ തമിഴര്‍ തെക്കേ ഇന്ത്യയിലേക്ക് ,പ്രധാനമായും തമിഴ്‌നാട്ടിലേക്ക്,അഭയാര്‍തഥികളായി വന്നുകൊണ്ടിരുന്ന ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം ഇവരുടെ കുത്തൊഴുക്കിന് ആക്കം കൂട്ടി.തമിഴ് നാട്ടില്‍ അഭയാര്‍ത്ഥി ക്യംപുകളിലും അല്ലാതെയുമായി അവര്‍ താമസിച്ചു വരുന്നു.

പ്രശസ്തരായ അഭയാര്‍ത്ഥികള്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ലോകം മുഴുവന്‍ ആരാധിക്കുന്ന ശാസ്ത്രജഞനായ ഐന്‍സ്റ്റീനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ അദ്ദേഹം ഒരു അഭയാര്‍ത്ഥിയായിരുന്നു എന്ന് അറിയാമോ? ജര്‍മന്‍കാരനായിരുന്നു അദ്ദേഹം. നാസി പാര്‍ട്ടിയുടെ ഉദയം ജൂതനായിരുന്ന ഐന്‍സ്റ്റീന് പ്രശ്‌നമുണ്ടാക്കി. ജൂതന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെയും ഭാര്യയേയും നാസി ഗവണ്‍മെന്റ് രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു. അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഏക പോംവഴി. 1933-ല്‍ അദ്ദേഹം അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴിസിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചു.

വിക്ടര്‍ഹ്യൂഗോ

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ വിക്ടര്‍ ഹ്യൂഗോയെപ്പറ്റി കേട്ടിട്ടില്ലേ?
നെപ്പോളിയന്‍ മൂന്നാമന്‍ ഫ്രാന്‍സിന്റെ അധികാരം പിടിച്ചെടുത്തപ്പോള്‍ സ്വേച്ഛാധിപത്യത്തോടുളള എതിര്‍പ്പ് മൂലം അദ്ദേഹത്തിന് നാടുവിടേണ്ടി വന്നു. ബ്രിട്ടന്റെ അധീനതയിലുളള ഫ്രാന്‍സിന്റെ തീരത്തെ ചാനല്‍ദ്വീപുകളില്‍ അഭയം തേടിയഹ്യൂഗോ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാരിസില്‍ തിരിച്ചെത്തിയത്.

സിറ്റിംഗ് ബുള്‍

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ റെഡ് ഇന്ത്യന്‍ ചീഫ് ആയിരുന്നു സിറ്റിംഗ് ബുള്‍ എന്ന പേരിലറിയപ്പെട്ട തത്താങ്ക ഇയൊത്താക്കെ. യൂറോപ്പില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ വെളളക്കാരുടെ ചൂഷണങ്ങള്‍ക്കെതിരെ സിറ്റിംഗ് ബുളളിന്റെ നേതൃത്വത്തിലുളള ഗ്രോത്രവര്‍ഗ്ഗക്കാര്‍ 1876-ല്‍ കലാപം നടത്തി നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ അവര്‍ കൊലപ്പെടുത്തി. കാനഡയിലെ ബ്രിട്ടീഷ് ഗവണ്‍മെന്റാണ് അന്ന് ചീഫിനും കൂട്ടാളികള്‍ക്കും അഭയസ്ഥലം ഒരുക്കിയത്.

തസ്‌ലിമ നസ്‌റിന്‍

ലജ്ജ എന്ന പ്രശസ്ത നോവല്‍ രചിച്ച ബംഗ്ലാദേശി എഴുത്തുകാരിയാണ് തസ്‌ലിമ നസ്‌റിന്‍. ചെറുപ്പത്തിലേ കവിതയെഴുത്തില്‍ മിടുക്ക് തെളിയിച്ച തസ്‌ലിമ ലജ്ജയിലൂടെയാണ് ലോകമറിയുന്ന എഴുത്തുകാരിയായത്. പക്ഷേ ബംഗ്ലാദേശില്‍ ഈ കൃതി തസ്‌ലിമയ്ക്ക് ഒരുപാട് ശത്രുക്കളെ നേടിക്കൊടുത്തു.ജീവനു വരെ ഭീഷണിയായതോടെ ബംഗ്ലാദേശ് വിടുകയല്ലാതെ വഴിയില്ലന്ന് അവര്‍ക്ക് മനസ്സിലായി.അങ്ങനെ തസ്‌ലിമ സ്വീഡനിലേക്കു കടന്നു. പത്തുവര്‍ഷത്തോളം (1994-2004) പടിഞ്ഞാറന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി ജീവിച്ച തസ്‌ലിമ 2004 മുതല്‍ ഇന്ത്യയിലായിരുന്നു.ഇപ്പോല്‍ അമേരിക്കയില്‍ ജീവിക്കുന്നു.

വിഭജനം- അക്ഷരങ്ങളില്‍

ഇന്ത്യ-പാക് വിഭജനവും അഭയാര്‍ത്ഥി പ്രവാഹവും ഒട്ടേറെ പുസ്തകങ്ങള്‍ക്ക് പ്രമേയമായിട്ടുണ്ട്.

*ട്രെയിന്‍ ടു പാക്കിസ്ഥാന്‍- ഖുഷ്വന്ത് സിങ്ങ്
*ഐസ് കാന്‍ഡിമാന്‍-ബാപ്‌സി സിധ്വ
*പിന്‍ജര്‍-അമൃത പ്രീതം
*സണ്‍ലൈറ്റ് ഓണ്‍ എ ബ്രോക്കണ്‍
*കോളം -അത്തിയ ഹുസൈന്‍
*മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍-സല്‍മാന്‍ റുഷ്ദി
*തമസ്-ഭീഷ്മ സാഹ്നി
*ദ് ഷാഡോ ലൈന്‍സ്-അമിതാവ് ഘോഷ് , എന്നിവയാണ് അവയിൽ ചിലത്.

റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര)